തിരുവനന്തപുരം: ബുധനാഴ്ച ഹൈദരാബാദിൽ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവെച്ച് കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 'ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം... മാമനോടൊന്നും തോന്നല്ലേ മക്കളെ' എന്ന കുറിപ്പോടെയായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം അരങ്ങേറുന്നതിന് മുമ്പ് ടിക്കറ്റ് നിരക്കിലെ വർധനവ് ചൂണ്ടിക്കാട്ടിയപ്പോൾ പട്ടിണി കിടക്കുന്നവർ കളികാണാൻ വരേണ്ടതില്ലെന്ന മന്ത്രിയുടെ മറുപടി വൻ വിവാദങ്ങൾക്കിടയാക്കുകയും എൽ.ഡി.എഫ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

കളി കാണാൻ സ്റ്റേഡിയത്തിലെത്താതെയായിരുന്നു മന്ത്രിക്ക് കായിക കേരളത്തിന്റെ മറുപടി. അതിന് മുമ്പത്തെ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും നിറഞ്ഞുകവിഞ്ഞ ഗാലറി അന്ന് ശുഷ്‌കമായി. 39,571 സീറ്റുകളുള്ള സ്റ്റേഡിയത്തിൽ 12,000ത്തോളം പേർ മാത്രമാണെത്തിയത്. ഇതിൽ പകുതിയും സൗജന്യ പാസുകളായിരുന്നു. 6200ഓളം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. വിൽപനക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകൾപോലും വിൽക്കാത്തത് കേരളത്തിൽ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തിൽ ആദ്യമായായിരുന്നു.

മത്സരവുമായി ബന്ധപ്പെട്ട് കായികമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനങ്ങൾ ടിക്കറ്റ് വിൽപനയെ ബാധിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് ആരോപിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥനും മന്ത്രിയെ വിമർശിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. മന്ത്രിയും സർക്കാരും കെസിഎയും കേരളത്തോട് മാപ്പു പറയണമെന്നതാണ് ശബരിനാഥന്റെ ആവശ്യം. ''ഇന്ത്യ - ന്യൂസിലൻഡ് ODI മാച്ച് ഹൈദരാബാദിൽ നടക്കുകയാണ്. ഇന്ന് ഒരു പ്രവർത്തിദിവസമായിട്ടും സ്റ്റേഡിയം ഇരമ്പുകയാണ്. തിരുവനന്തപുരത്തെ മാച്ച് കുളമാക്കിയ മന്ത്രിയും സർക്കാരും KCAയും കേരളത്തോട് മാപ്പ് പറയണം'' - അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിനം അരങ്ങേറുന്നതിനുമുൻപ് ടിക്കറ്റ് നിരക്കിലെ വർധനവ് ചൂണ്ടിക്കാട്ടിയപ്പോൾ പട്ടിണി കിടക്കുന്നവർ കളികാണാൻ വരേണ്ടതില്ലെന്ന മന്ത്രിയുടെ പ്രസ്താവന വൻ വിവാദങ്ങൾക്ക് ഇടയാക്കുകയും എൽഡിഎഫ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനോട് മലയാളികൾ പ്രതികരിച്ചത് കളികാണാൻ സ്റ്റേഡിയത്തിൽ എത്താതെയായിരുന്നു.