- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക സർവകലാശാലയിൽ തരംതാഴ്ത്തി സ്ഥലം മാറ്റിയ ഉദ്യോഗസ്ഥൻ ഇതുവരെ ജോലിക്ക് ചേർന്നില്ല; നാലുമാസമായിട്ടും നടപടി എടുക്കാതെ സർവകലാശാല
തൃശ്ശൂർ: കാർഷിക സർവകലാശാലയിൽ തരംതാഴ്ത്തി സ്ഥലം മാറ്റിയ ഉദ്യോഗസ്ഥൻ ഇതുവരെ ജോലിക്ക് ചേർന്നില്ല. ഇദ്ദേഹത്തെ തരംതാഴ്ത്തി സ്ഥലംമാറ്റിയിട്ട് നാലുമാസമായി. കേരള കാർഷിക സർവകലാശാല എംപ്ലോയീസ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായ സി.വി. ഡെന്നിയെയാണ് ഒക്ടോബർ 10-ന് സ്ഥലം മാറ്റിയത്. സർവകലാശാലയുടെ കാസർകോട് പടന്നക്കാട് കേന്ദ്രത്തിൽ ഹയർ ഗ്രേഡ് അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന ഡെന്നിയെ കൊച്ചി വൈറ്റില കേന്ദ്രത്തിലേക്ക് സെക്ഷൻ ഓഫീസറായാണ് സ്ഥലം മാറ്റിയത്.
പടന്നക്കാട് കേന്ദ്രത്തിൽനിന്ന് വിടുതൽ നേടിയ ഡെന്നി ഇതുവരെയും വൈറ്റില യൂണിറ്റിൽ ഹാജരായില്ല. നാലുമാസത്തോളം ജോലിയിൽ ചേരാതിരുന്നിട്ടും നടപടിയുമുണ്ടായില്ല. എന്നാൽ ശമ്പളം നൽകുന്നില്ല. വൈസ് ചാൻസലറായിരുന്ന ഡോ. ആർ. ചന്ദ്രബാബു വിരമിക്കുന്ന ദിവസമാണ് ഡെന്നിയെ തരംതാഴ്ത്തി സ്ഥലംമാറ്റി ഉത്തരവിറക്കിയത്. വനിതാ എംപി.യെ സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതി ഡെന്നിക്കെതിരേ ഉയർന്നിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
സി.വി. ഡെന്നി ജോലിക്ക് ചേരാത്തതുസംബന്ധിച്ച പ്രതികരണത്തിനായി സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. ആര്യ, രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ എന്നിവരെ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല.