ഹൈദരബാദ്: നഴ്‌സുമാർക്കെതിരായ അശ്ലീല പരാമർശത്തിൽ മാപ്പ് പറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ. 'ആഹാ' എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിനുവേണ്ടി നടത്തുന്ന അൺസ്റ്റോപ്പബിൾ വിത്ത് എൻ.ബി.കെ എന്ന പരിപാടിയിലായിരുന്നു തെലുങ്ക് സൂപ്പർസ്റ്റാർ അശ്ലീല പരാമർശം നടത്തിയത്.

സൂപ്പർതാരമായ പവൻ കല്യാൺ അതിഥിയായെത്തിയ എപ്പിസോഡിലായിരുന്നു സംഭവം. ഈയടുത്ത് ഒരപകടം പറ്റി ആശുപത്രിയിൽ കിടക്കവേ പരിചരിക്കാൻ വന്ന നഴ്‌സിനേക്കുറിച്ചാണ് ബാലകൃഷ്ണ വിവാദ പരാമർശം നടത്തിയത്. എപിസോഡ് റിലീസായതോടെ നഴ്‌സുമാർ വ്യാപക പ്രതിഷേധവുമായി എത്തി. അതോടെ താരം മാപ്പുപറഞ്ഞ് രംഗത്തുവരികയും ചെയ്തു.

നഴ്‌സുമാരെ അപമാനിച്ചെന്ന തരത്തിൽ ചിലർ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നതായും തന്റെ വാക്കുകൾ മനഃപൂർവം വളച്ചൊടിച്ചതാണെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 'രോഗികളെ ശുശ്രൂഷിക്കുന്ന എന്റെ സഹോദരിമാരോട് എനിക്ക് വളരെ ബഹുമാനമുണ്ട്. ലോകമെമ്പാടുമുള്ള നിരവധി നഴ്സുമാർ സ്വന്തം ജീവൻ പണയപ്പെടുത്തി, രാവും പകലുമില്ലാതെ കൊറോണ രോഗികളെ സേവിക്കുന്നു. അത്തരം നഴ്സുമാരെ നമ്മൾ ആദരിക്കേണ്ടതുണ്ട്. എന്റെ വാക്കുകൾ നിങ്ങളുടെ വികാരങ്ങളെ ശരിക്കും വ്രണപ്പെടുത്തിയെങ്കിൽ, പശ്ചാത്തപിക്കുന്നു. -ബാലയ്യ കൂട്ടിച്ചേർത്തു.