- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക പീഡനത്തിന് ഇരയായ എഴുപതുകാരി ജീവനൊടുക്കിയ കേസ്; വിചാരണ നടപടികൾ തുടങ്ങി

കണ്ണൂർ: ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടർന്ന് എഴുപതുകാരി ജീവനൊടുക്കിയ കേസിൽ വിചാരണ നടപടി തുടങ്ങി. ഇരിട്ടി പയഞ്ചേരി വികാസ് നഗറിൽ എഴുപതുകാരിയായ വീട്ടമ്മ ലൈംഗിക പീഡനത്തിനിരയായതിനെത്തുടർന്നു ജീവനൊടുക്കിയ കേസിലാണ് തലശ്ശേരി അഡിഷനൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ വിചാരണ നടപടികൾ തുടങ്ങിയത്. കേസിന് ആസ്പദമായ സംഭവം നടന്നിട്ട് 6 വർഷം തികയാൻ 1 മാസം ശേഷിക്കുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്.
ഏറെ കോളിളക്കമുണ്ടാക്കിയ കേസായതിനാൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി മുൻ ജില്ലാ ഗവ. പ്ലീഡറും അഭിഭാഷകനുമായ ബി.പി.ശശീന്ദ്രനെ നിയമിച്ചിരുന്നു. 2017 മാർച്ച് 30ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഇരയുടെ മകനു പുതുതായി പണിയുന്ന വീടിന്റെ വയറിങ് ജോലിക്കെത്തിയ ആറളം പന്നിമൂല സ്വദേശി പി. എം. രാജീവനാണ് വയോധികയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്.
വികാസ് നഗറിലുള്ള രാജീവന്റെ സഹോദരിയുടെ വീട്ടിലെത്തിയ വയോധികയെ രാജീവൻ പീഡിപ്പിക്കുകയും സംഭവത്തിനു ശേഷം ഓട്ടോയിൽ മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്താൽ അവിടെ വച്ചു ജീവനൊടുക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് വയോധിക ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡിഎൻഎ പരിശോധന ഫലവും പ്രതിക്ക് എതിരായിരുന്നു.


