- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; സഹകരണ ബാങ്കുകളിൽ ഇനി മലയാളവും; അപേക്ഷാഫോം, ചെക്ക് എന്നിവയിൽ ഇംഗ്ലീഷിനൊപ്പം മലയാളവും
കോഴിക്കോട്: കേരളത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ ഉപയോഗിക്കുന്ന അപേക്ഷാഫോം, ചെക്ക് എന്നിവയിൽ മലയാളവും ഉൾപ്പെടുത്തും. അപേക്ഷകളിൽ ഇംഗ്ലീഷിനൊപ്പമാണ് മലയാളവും ഉൾപ്പെടുത്തുന്നത്. പൊതുപ്രവർത്തകനായ അഖിലേഷ് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. സഹകരണ വകുപ്പ് സെക്രട്ടറിയാണ് മലയാളം ഉൾപ്പെടുത്തുമെന്ന കാര്യം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലും റിസർവ്വ് ബാങ്ക് ലൈസൻസോടെ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സഹകരണ ബാങ്ക്, സഹകരണ ബാങ്ക്, അർബൻ ബാങ്കുകൾ എന്നിവയ്ക്കാണ് മലയാളം ഉപയോഗിക്കാൻ നിർദ്ദേശം നൽകിയതെന്ന് സഹകരണ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സഹകരണ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളിലും മലയാളം ഉപയോഗിക്കണമെന്നായിരുന്നു പരാതി നൽകിയ അഖിലേഷിന്റെ ആവശ്യം. അപേക്ഷാഫോമുകളിലും ചെക്കുകളിലും മലയാളം ഇല്ലാത്തതിനാൽ സാധാരണക്കാരായ ആളുകൾ പ്രയാസം നേരിടുന്നുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. മറ്റ് ബാങ്കുകളിൽ ഇക്കാര്യം നടപ്പിലാക്കുന്നതിന് നിർദ്ദേശം നൽകാനാണ് മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.