- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: മലപ്പുറം എസ്‌പി ഓഫീസിലെ മുൻ പൊലീസ് ഡ്രൈവറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; സാമ്പത്തിക ഇടപാടുകളുടെ 62 രേഖകൾ വിജിലൻസ് പിടിച്ചെടുത്തു
മലപ്പുറം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മലപ്പുറം എസ്‌പി ഓഫീസിലെ മുൻ പൊലീസ് ഡ്രൈവറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. സാമ്പത്തിക ഇടപാടുകളുടെ 62 രേഖകൾ വിജിലൻസ് പിടിച്ചെടുത്തു.റെയ്ഡിനെത്തിയത് വിജിലൻസ് എസ്‌പിയോടൊപ്പം രണ്ട് ഡിവൈഎസ്‌പിമാർ ഉൾപ്പെടെ 20 അംഗ സംഘമാണ്.
അനധികൃത ഇടപാടുകൾക്കു ചുക്കാൻ പിടിച്ചതു പൊലീസ് ഡ്രൈവറെന്നാണ് പരാതി. വമ്പന്മാരുമായുള്ള ഡീലിംഗുകൾക്കു ഇടനിലക്കാരനായ പൊലീസ് ഡ്രൈവർ വൻതോതിൽ പണസമ്പാദനം നടത്തിയതായി റിപ്പോർട്ടിനെ തുടർന്നായിരുന്നു വീട്ടിൽ കോഴിക്കോട് വിജിലൻസ് പ്രത്യേക വിഭാഗത്തിന്റെ പരിശോധന.
പരിശോധനയെ തുടർന്നു സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഏതാനും രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. ഇപ്പോൾ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നിലമ്പൂർ റെയിൽവെ സ്റ്റേഷനു സമീപത്തെ താമസക്കാരനുമായ സക്കീർ ഹുസൈന്റെ വീട്ടിലാണ് കോഴിക്കോട് പൊലീസ് വിജിലൻസ് എസ്‌പി അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ 62 രേഖകൾ വിജിലൻസ് സംഘം സീൽ ചെയ്തു.
വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന കേസിൽ രഹസ്യാന്വേഷണം നടത്തിയതിലൂടെ കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വീട്ടിലും മറ്റും പരിശോധന നടത്തിയത്. തുടർന്ന് കഴിഞ്ഞ എട്ടാം തിയതി വിജിലൻസ് എഫ്ഐആർ ഇട്ടിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നു പരിശോധന നടത്തിയത്.
വീട്ടിൽ പരിശോധന തുടരുന്നതിനിടയിൽ തന്നെ സക്കീർ ഹുസൈന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി. രണ്ട് ഡിവൈഎസ്‌പിമാർ ഉൾപ്പെടെ വിജിലൻസിന്റെ 20 അംഗ സംഘം എസ്‌പിക്കൊപ്പമുണ്ടായിരുന്നു. രാവിലെ ആറിനാരംഭിച്ച പരിശോധന വൈകുന്നേരം 4.20 വരെ തുടർന്നു. സക്കീർ ഹുസൈൻ മുമ്പ് മലപ്പുറം എസ്‌പി ഓഫീസിൽ ഡ്രൈവറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സക്കീർ ഹുസൈൻ ഭൂമി കച്ചവടങ്ങളിലും പങ്കാളിയായിട്ടുണ്ടെന്നാണ് സൂചന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്