കൊച്ചി: വിദേശ സൗന്ദര്യ വർദ്ധക വസ്തുക്കൾ മലപ്പുറത്ത് നിന്ന് നേരിട്ട് കൊച്ചിയിൽ എത്തിക്കുന്നു എന്ന വ്യാജേന എംഡിഎംഎ കടത്തിയിരുന്നയാൾ പിടിയിൽ.

മലപ്പുറം തിരൂർ തൃപ്പങ്കോട്ടിൽ കൊടക്കൽ ദേശത്ത്, ചെറിയ പറപ്പൂർ വീട്ടിൽ റാഷിദ് ഏനാത്ത് (34/2023) ആണ് എണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാൾ മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ, മയക്ക് മരുന്ന് ഇടപാട് നടത്തുവാൻ ഉപയോഗിച്ചിരുന്ന രണ്ട് ഐ ഫോണുകൾ എന്നിവയും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.

ഉപഭോക്താക്കൾക്കിടയിൽ 'മഞ്ചേരി മജീദ് ' എന്ന രഹസ്യ കോഡിലായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. ആവശ്യക്കാരുടെ ഓർഡർ അനുസരിച്ച് വിദേശ സൗന്ദര്യ വർദ്ദക വസ്തുക്കൾ എത്തിച്ച് നൽകുന്നതിന്റെ മറവിൽ ഇയാൾ മയക്ക് മരുന്ന് വിതരണം ചെയ്ത് വരുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നുമായി 9 ഗ്രാം (ഒൻപത് ഗ്രാം) എംഡിഎംഎ പിടിച്ചെടുത്തു.

പ്രധാനമായും ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവതിയുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ലഹരി വിൽപ്പന നടത്തി വന്നിരുന്നത്. ഇത് കൂടാതെ ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിരുന്ന യുവതിയുവാക്കളുടെ കൂടെ ബാംഗ്ലൂർ, മൈസൂർ, ഊട്ടി എന്നിവിടങ്ങളിൽ വിനോദസഞ്ചാരം എന്ന വ്യാജേന പോയി വൻതോതിൽ മയക്ക് മരുന്ന് വാങ്ങി കൊണ്ട് വരുന്നതായിരുന്നു ഇയാളുടെ രീതി.

മലപ്പുറത്തു നിന്ന് ഇടനിലക്കാർ ഇല്ലാതെ നേരിട്ട് എറണാകുളത്തേക്ക് എംഡിഎംഎ എത്തിക്കുന്നയാളെ ക്കുറിച്ചുള്ള വിവരം നേരത്തെ തന്നെ സിറ്റി മെട്രോ ഷാഡോയ്ക്കും എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിനും ലഭിച്ചിരുന്നു. തുടർന്ന് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി വരവേ, ഇയാൾ മലപ്പുറത്ത് നിന്ന് മയക്ക് മരുന്നുമായി കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം ഇയാൾ സഞ്ചരിച്ച കാർ പിൻതുടർന്ന് ചെല്ലുകയും കലൂർ സ്റ്റേഡിയം ഭാഗത്ത് വച്ച് ഇയാളെ വളഞ്ഞ് പിടികൂടുകയുമായിരുന്നു.

ഈ ഇനത്തിൽപ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. നിരവധി പേർ ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിട്ടുള്ളതായാണ് സൂചന. ഇയാളുടെ കെണിയിൽ അകപ്പെട്ട് പോയ യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്ത ചികിൽസാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ഈ മയക്ക് മരുന്ന് ഇടപാടിന്റെ പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും മയക്ക് മരുന്നിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

സർക്കിൾ ഇൻസ്‌പെക്ടർ എസ് സജീവ് കുമാർ , ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ അജിത് കുമാർ എൻജി , സത്യനാരായണൻ ഇ എസ് , മനോജ് എൻ.എ, സിറ്റി മെട്രോ ഷാഡോയിലെ സി ഇ ഒ എൻ.ഡി. ടോമി, സ്‌പെഷ്യൽ സ്‌ക്വാഡ് സി ഇ ഒ മാരായ അനസ് എൻ.യു, ശരത് മോൻ പി.എസ്, ജെയിംസ്, പി.ജെ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.