മലപ്പുറം: തന്റെ ഭർത്താവ് അലവികുട്ടിയെ അടിച്ചുകൊലപ്പെടുത്തിയ ശേഷം കാറിലാക്കി ക്വാറിയിലേക്ക് തള്ളിയിട്ടതാണെന്നും കേസ് സിബിഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ സൗധ ഹൈക്കോടതിയിലേക്ക്.

ഭർത്താവിന്റെ ദുരൂഹ മരണം അപകടമരണമാക്കി ചിത്രീകരിച്ചു പ്രതികളെ പൊലീസ് രക്ഷിക്കുകയാണെന്നും തങ്ങൾക്കു നീതിവേണമെന്നും മരണപ്പെട്ട ആതവനാട് ഊരൊത്തു പള്ളിയിൽ പുത്തൻവീട്ടിൽ അലവിക്കുട്ടിയുടെ ഭാര്യ സൗധ പറഞ്ഞു. വളാഞ്ചേരി കെൽടെക്‌സ് സ്പിന്നിങ് മില്ലിന് സമീപമുള്ള ചെങ്കൽ ക്വാറിയിൽ 2018 നവംബർ 23നാണു അലവിക്കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

അന്നേ ദിവസം അലവിക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയിലുള്ള വൈരുദ്ധ്യമാണ് ദുരൂഹത വർദ്ധിപ്പിച്ചത്. തലയ്ക്ക് മെറ്റൽ ഉപയോഗിച്ച് അടിച്ചെന്നും വാരിയെല്ല് പൊട്ടിയെന്നും കാലിന് പരിക്കേറ്റെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അലവികുട്ടിയെ അടിച്ച ശേഷം കാറിലാക്കി ക്വാറിയിലേക്ക് തള്ളിയിട്ടതാണെന്ന് അടുത്ത ബന്ധുക്കളും ആരോപിക്കുന്നു. അലവിക്കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ പിന്നീട് കേവലം ആക്സിഡന്റ് ആണെന്ന് പറയുകയായിരുന്നു. ശക്തമായ ഇടപെടല് കേസിൽ ഉണ്ടായിട്ടുണ്ടെന്ന് അലവിക്കുട്ടിയുടെ സഹോദരനും ആരോപിച്ചു.

നേരത്തെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധി പ്രകാരം കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും യാതൊരു അന്വേഷണവും നടത്തിയില്ല. സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരുക്കുകൾ എന്നിവ പരിഗണിക്കാതെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടാണ് സൗധ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നിഷ്പക്ഷ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് സഹോദരങ്ങൾ പറഞ്ഞു. മരണത്തിൽ ഞങ്ങൾക്കു നീതിവേണമെന്നു അലവിക്കുട്ടിയുടെ ഭാര്യ സൗധ, സഹോദരന്മാരായ ഹൈദരലി പി.കെ, ഷാജുദ്ദീൻ, ഇസ്മായിൽ, ഉണ്ണീൻകുട്ടി ഹാജി എന്നിവർ പറഞ്ഞു.