- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെർഫ്യൂം കുപ്പിക്കുള്ളിൽ വെള്ളിനിറത്തിലുള്ള ലോഹകഷണങ്ങളാക്കി സ്വർണക്കടത്ത്; കരിപ്പൂരിൽ രണ്ടുപേരിൽ നിന്നായി 70ലക്ഷം രൂപയുടെ സ്വർണം പിടികൂടി; വാഗ്ദാനം നൽകിയത് അൽതാബിനു 80,000 രൂപയും അസ്താകിനു 15000 രൂപയും
മലപ്പുറം: പെർഫ്യൂം കുപ്പിക്കുള്ളിലും ശരീരത്തിലുമായി സ്വർണക്കടത്ത്. കരിപ്പൂരിൽ 70ലക്ഷംരൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ ഇന്ന് രാവിലെയാണു 70 ലക്ഷം രൂപ വില മതിക്കുന്ന 1.25 കിലോഗ്രാമോളം സ്വർണവുമായി രണ്ടു കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ രണ്ടു യുവാക്കളെ വിമാനത്തവളത്തിൽവെച്ച് പിടികൂടിയത്.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കോഴിക്കോട് മാത്തോട്ടം സ്വദേശിയായ അസ്താക് നജ്മൽ (26) കൊണ്ടുവന്ന ബാഗേജിനുള്ളിലുണ്ടായിരുന്ന മൂന്നു പെർഫ്യൂം കുപ്പികൾ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ കുപ്പികളുടെ അടപ്പിനുള്ളിലായിരുന്നു സ്വർണം. അതിവിദഗദ്ധമായി ഒളിപ്പിച്ചുവച്ചിരുന്ന 287 ഗ്രാം തൂക്കമുള്ള വെള്ളിനിറത്തിലുള്ള നിരവധി ചെറിയ ലോഹകഷണങ്ങളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
ഇവ ഒരു സ്വർണപണിക്കാരന്റെ സഹായത്തോടെ വേർതിരിച്ചെടുത്തപ്പോൾ 279 ഗ്രാം തൂക്കമുള്ള വിപണിയിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന തങ്കം ലഭിച്ചു. മറ്റൊരു കേസിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ റിയാദിൽ നിന്നും വന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അൽതാബ് ഹുസൈനിൽ (32) നിന്നും ഏകദേശം 55 ലക്ഷം രൂപ വിലമതിക്കുന്ന 1078ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സുലുകൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തുകയുണ്ടായി. ഈ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തശേഷം അൽതാബിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുമെന്നു കസറ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കള്ളക്കടത്തുസംഘം അൽതാബിനു 80.000 രൂപയും അസ്താകിനു 15.000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഈ രണ്ടു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു..അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, മനോജ് എം, അഭിലാഷ് സി, വീണ ധർമരാജ്, മുരളി പി, ഇൻസ്പെക്ടർമാരായ ദുഷ്യന്ത് കുമാർ , അക്ഷയ് സിങ്, സുധ ആർ എസ് എന്നിവർ ചേർന്നാണ് ഈ സ്വർണ കള്ളക്കടത്ത് പിടികൂടിയത്.
അതേ സമയം കഴിഞ്ഞ ദിവസം 70 ലക്ഷം രൂപയുടെ നാലു ക്യാപ്സൂൾ സ്വർണം മലാശയത്തിൽ കടത്താൻ ശ്രമിച്ച 30കാരനെ പൊലീസ് പിടികൂടിയിരുന്നു. കസ്റ്റംസിനെ വെട്ടിച്ചു കടന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷിജിൽ(30) ആണ് പിടിയിലായിരുന്നത്. അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴികൊണ്ടുവന്ന 1253 ഗ്രാം സ്വർണ്ണമാണു വിമാനത്തവളത്തിനു് പുറത്ത് വെച്ച് പൊലീസ് പിടികൂടിയത്.
1253 ഗ്രാം 24 കാരറ്റ് സ്വർണം മിശ്രിത രൂപത്തിൽ നാലു കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ അബൂദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ വിമാനത്തവളത്തിലെത്തിയത്. പരിശോധനയെല്ലാം അതിജീവിച്ച് പുറത്തിറങ്ങിയ ഷിജിലിനെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എക്്സറെ പരിശോധനയിലാണ് സ്വർണ്ണ മിശ്രിതമടങ്ങിയ കാപ്സ്യൂളുകൾ ദൃശ്യമായത്. ഷിജിലിനെ ചോദ്യം ചെയ്തതിൽ നിന്നും സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്