മലപ്പുറം: രാഷ്ട്രീയ സംഘർഷത്തിലെ ഇരകൾക്കായി ലീഗ് നേതൃത്വം നൽകിയ 1.39 ലക്ഷം രൂപ പാർട്ടി ബ്രാഞ്ച് സെക്രട്ടറി തിരിമറി നടത്തിയെന്ന ആക്ഷേപവുമായി വെട്ടം വാക്കാട്ടെ മുൻ സിപിഎം മെംബർമാർ രംഗത്ത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. സാമ്പത്തിക തിരിമറിക്കെതിരെ പാർട്ടി സംസ്ഥാന കൺട്രോൾ കമ്മീഷനിലും പൊലീസിലും വരെ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്മാസ്റ്റർ നയിക്കുന്ന സംസ്ഥാനജാഥയുടെ പ്രചരണാർത്ഥം നടത്തിയ കാൽനട ജാഥക്കിടെ വാക്കാട്ട് ഒരു വിഭാഗം പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചിരുന്നു.

ജാഥക്ക് മുന്നിലെത്തി പ്രതിഷേധിച്ചതോടെ സംഘർഷം രൂപപ്പെടുകയും നേതാക്കളിടപെട്ട് തള്ളിമാറ്റി ജാഥ തുടരുകയുമായിരുന്നു. ഇതിനു പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സഹീർ പട്ടത്ത്, ഇബ്രാഹിംകുട്ടി പട്ടത്ത്, ആബിദ് പട്ടത്ത്, ശരത്ലാൽ എന്നിവരാണ് പാർട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

വാക്കാട്ടും പരിസരങ്ങളിലുമുണ്ടായ ലീഗ് - സിപിഎം സംഘർഷങ്ങൾ ഒത്തുതീർപ്പിലെത്തിക്കുന്നതിന്റെ ഭാഗമായി ഇരകൾക്ക് നൽകാനായി ലീഗ് നേതൃത്വം നൽകിയ 1.39 ലക്ഷം രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് ഇവർ ആരോപിച്ചു. വർഷങ്ങളായി ഈ പണം ബ്രാഞ്ച് സെക്രട്ടറിയുടെ കയ്യിലാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക നേതൃത്വം മുതൽ സംസ്ഥാന കൺട്രോൾ കമ്മീഷനെ വരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ കുറ്റപ്പെടുത്തി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ വാർഡിലെ സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് തങ്ങളെ പുറത്താക്കുന്നതിൽ എത്തി നിൽക്കുന്നതെന്ന് ഇവർ പറയുന്നു. മേൽഘടകം ഇടപെട്ട് ബ്രാഞ്ച് കമ്മിറ്റി പിരിച്ച് വിടുകയും ബ്രാഞ്ച് അംഗങ്ങളെ മറ്റ് മൂന്ന് ബ്രാഞ്ചുകളിലേക്ക് ലയിപ്പിക്കുകയും ചെയ്തുവെന്നും ആ ബ്രാഞ്ചുകളും തങ്ങളെ സഹകരിപ്പിച്ചില്ലെന്നുമാണ് ഇവർ പറയുന്നത്.