തിരുവനന്തപുരം: ഇന്ത്യൻ ആർമിയും ഫ്രഞ്ച് ആർമിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം തിരുവനന്തപുരത്ത്. 'FRINJEX-23' മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ വെച്ച് നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോർമാറ്റിൽ സൈനിക അഭ്യാസത്തിൽ ഏർപ്പെടുന്നത്.

ഫ്രഞ്ച് മറൈൻ റെജിമെന്റിന്റെ DIXMUDE ദൗത്യത്തിന്റെ ഭാഗമാണ് ഫ്രഞ്ച് സംഘം. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർധിപ്പിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യൻ ആർമി ട്രൂപ്പുകളും ഫ്രഞ്ച് ആറാം ലൈറ്റ് ആർമർഡ് ബ്രിഗേഡും ചേർന്ന് എക്കാലത്തെയും വലിയ സംഘത്തെ അണിനിരത്തുന്ന ഈ അഭ്യാസത്തിന്റെ ആശയവും പങ്കാളിത്തവും അതുല്യമാണ്. 'പ്രതികൂല സാഹചര്യത്തിൽ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും' എന്ന പ്രമേയത്തിനെ അടിസ്ഥാനമാക്കിയാണ് ഈ അഭ്യാസം.