- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ അനന്തരാവകാശ സർട്ടിഫിക്കറ്റ് നിർമ്മാണം: കോഴിക്കോട് താലൂക്ക് ഓഫീസ് ജീവനക്കാരന് പിടിവീഴും; വ്യാജനെന്ന് മനസ്സിലായത് ഗസറ്റ് നമ്പർ തെറ്റെന്ന് തെളിഞ്ഞതോടെ; പിന്നിൽ പ്രവർത്തിച്ച ഏജന്റുമാരെ കുറിച്ചും നടക്കാവ് പൊലീസിന് സൂചന
കോഴിക്കോട്: വ്യാജ അനന്തരാവകാശ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ സംഭവത്തിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെതിരെ നടപടിക്ക് ശുപാർശ. ഇതുസംബന്ധിച്ച് കോഴിക്കോട് തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. കോഴിക്കോട് താലൂക്ക് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പുതിയങ്ങാടി മേത്തലകം പറമ്പ് വാദി റഹ്മയിൽ പി മുഹമ്മദ് നജീബിനെതിരെയാണ് റിപ്പോർട്ട്. സംഭവത്തിൽ നടക്കാവ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് രണ്ട് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. ഇതിലെ ഗസറ്റ് നമ്പറും തഹസിൽദാരുടെ പേരും കാലയളവുമെല്ലാം തെറ്റായിട്ടായിരുന്നു രേഖപ്പെടുത്തിയത്. നേരത്തെ ഈ ജീവനക്കാരൻ മുഖേന നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി ഇതിന്റെ അസ്സൽ ലഭിക്കുവാനായി ഒരാൾ ഇക്കഴിഞ്ഞ കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസിൽ എത്തിയതോടെയാണ് വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തറിയുന്നത്.
സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ ഗസറ്റ് നമ്പർ പരിശോധിച്ചപ്പോൾ നമ്പർ തന്നെ തെറ്റാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് കൂടുതൽ പരിശോധന നടത്തിയപ്പോൾ ഇതിലെ തഹസിൽദാരുടെ പേരും തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് കണ്ടെത്തി. മുമ്പ് ഇവിടെ ജോലി ചെയ്ത തഹസിൽദാരുടെ പേരാണ് രണ്ട് സർട്ടിഫിക്കറ്റുകളിലുമുണ്ടായിരുന്നത്. എന്നാൽ അവരുടെ കാലയളവുകൾ മാറിയാണ് രേഖപ്പെടുത്തിയിരുന്നത്. പരിശോധനയിൽ ഇക്കാര്യങ്ങൾ വ്യക്തമായതോടെ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കമ്പ്യൂട്ടർ വിദഗ്ധനായ മുഹമ്മദ് നജീബ് സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇത്തരം സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതെന്നാണ് വ്യക്തമായത്. വ്യജസർട്ടിഫിക്കറ്റുകളിൽ ഒന്ന് ആറു വർഷം മുമ്പും മറ്റൊന്ന് ഒരു വർഷത്തിന് ഇടയിലുമാണ് നിർമ്മിച്ചു നൽകിയത്. സൂപ്പർ ന്യൂമറി തസ്തികയിൽ നിയമിക്കപ്പെട്ട ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയ മുഹമ്മദ് നജീബ്. സാധാരണ ഗതിയിൽ നടപടി ക്രമങ്ങൾ പാലിച്ച് മാസങ്ങൾ എടുത്താണ് അപേക്ഷകന് ലീഗൽ ഹയർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്.
ഗസറ്റ് വിജ്ഞാപനവും ഇതിന് ആവശ്യമാണ്. ഇതിനിടയിലാണ് യാതൊരു അപേക്ഷയും നൽകാതെ ഏജന്റുമാർ ആവശ്യപ്പെടുന്ന രീതിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഇയാൾ തന്നെ ഒപ്പിട്ടു നൽകിയത്. ഇതിനു വേണ്ടി ഓഫീസ് സീലും ദുരുപയോഗം ചെയ്തു. നേരത്തെ ഇയാളുടെ പ്രവൃത്തിയിൽ തഹസീൽദാർക്കും ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർക്കും സംശയം തോന്നിയതിനെത്തുടർന്ന് കുറച്ചു ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. അതിനിടയിലാണ് കയ്യോടെ ഇയാൾ മേലുദ്യോഗസ്ഥയുടെ പിടിയിലാകുന്നത്.
വില്ലേജ് ഓഫീസിൽ ജോലി ചെയ്തിരുന്നപ്പോൾ നിരവധി ആരോപണങ്ങൾ നേരിട്ടതിനെത്തുടർന്നാണ് താലൂക്ക് ഓഫീസിലെ ജനസമ്പർക്കമില്ലാത്ത സ്ഥലത്ത് ഇദ്ദേഹത്തെ നിയോഗിച്ചത്. എന്നാൽ അവിടേയും ഇദ്ദേഹം വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം തുടരുകയായിരുന്നു. പലരുടെയും ആവശ്യ പ്രകാരം നിരവധി സർട്ടിഫിക്കറ്റുകൾ ഇയാൾ നൽകിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിനു പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് നടക്കാവ് പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജസർട്ടിഫിക്കറ്റ് നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ച ചില ഏജന്റുമാരെ പറ്റിയും സൂചന ലഭിച്ചിട്ടുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.