മലപ്പുറം: ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സിപിഎം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓഫീസിൽ കയറി മർദിച്ചു. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേർക്കൊപ്പം എത്തി ലേഖകൻ ടി.വി.സുരേഷിനെ ക്രൂരമായി മർദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് മദ്യലഹരിയിൽ എത്തിയ മൂന്നംഗ സംഘം ഓഫീസിൽ കയറി അക്രമം അഴിച്ചുവിട്ടത്.

ദേശാഭിമാനിയിൽ വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മിൽ ഫോണിൽ വാക്കുതർക്കമുണ്ടായിരുന്നു. ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കുകയറിവന്നു. ഇവിടെ ജോലിചെയ്യുകയായിരുന്ന സുരേഷുമായി ഇവർ വീണ്ടും വാക്കുതർക്കമുണ്ടാക്കി.

തുടർന്ന് 'നീ ഞാൻ നൽകിയ വാർത്ത നൽകില്ലേ ഡാ'.. എന്നാക്രോശിച്ച് ഓഫീസിലെ കംപ്യൂട്ടറിന്റെ കീ ബോർഡുകൊണ്ട് തലക്ക് അടിച്ചു വീഴ്‌ത്തിയതായി സുരേഷ് മഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരങ്ങളും വാരിവലിച്ചു താഴെയിട്ടു. പൊലീസിൽ വിവരം അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലം വിട്ടതെന്നും പരാതിയിലുണ്ട്.