മലപ്പുറം: ഏലംകുളം മാട്ടായ്ക്കുന്ന് ഭഗവതി ക്ഷേത്രത്തിലും അങ്ങാടിപ്പുറം പുത്തനങ്ങാടി ശുഹദാ മഖാമിലും രണ്ടു ദിവസങ്ങളിലായി മോഷണം. തിങ്കളാഴ്ച പുലർച്ചെ 1.50-ഓടെയാണ് മാട്ടായ്ക്കുന്ന് ക്ഷേത്രത്തിൽ ശ്രീകോവിലിന് മുന്നിലെ പ്രധാന ഭണ്ഡാരത്തിന്റെയും കാവിനു മുന്നിലുള്ള ഭണ്ഡാരത്തിന്റെയും പൂട്ടു പൊളിച്ച് പണം കവർന്നത്.

മുഖം മൂടിവച്ചയാൾ പടികൾ കയറി ക്ഷേത്രത്തിലേക്ക് കടക്കുന്നതും ഭണ്ഡാരങ്ങളിലെ പണമെടുക്കുന്നതും സിസി ടി.വി.കളിൽ പതിഞ്ഞിട്ടുണ്ട്. കാവിലെ ഭണ്ഡാരത്തിനു മുന്നിൽ നാണയങ്ങൾ ചിതറിക്കിടപ്പുണ്ട്. ഫെബ്രുവരി 28-നാണ് ഭണ്ഡാരങ്ങളിലെ പണം അധികൃതർ അവസാനം എടുത്തത്. ക്ഷേത്ര അധികൃതരുടെ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ച പുലർച്ചെ 1.50 ഓടെ യാണ് അങ്ങാടിപ്പുറം പുത്തനങ്ങാടി ശുഹദാ മഖാമിലും മോഷണം. മഖാമിന്റെ ഗ്രില്ല് തകർത്താണ് അകത്തു കടന്നത്. മേശവലിപ്പിലെ രസീത് പണമായ അയ്യായിരത്തിലേറെ രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ തൊട്ടടുത്ത് മരത്തിൽ നിർമ്മിച്ച നേർച്ചപ്പെട്ടിയിലെ പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന്റെ പൂട്ട് തകർത്തിട്ടില്ല. തൊട്ടടുത്തെ മറ്റൊരു ഭണ്ഡാരവും തുറക്കാൻ ശ്രമിച്ചതായ സൂചനയുണ്ട്. മേശവലിപ്പ് തുറക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. മഖാം ഭാരവാഹികളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.