- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുട്ടുപൊള്ളി കേരളം; തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ അപകട മേഖലയിൽ: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ചൂട് അസഹനീയാം വിധം ഉയരുന്നു: സൂര്യാതപം ഉറപ്പുള്ള അതീവ ജാഗ്രതാ വിഭാഗത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങൾ
തിരുവനന്തപുരം: തീച്ചൂളയിൽ കേരളം വെന്തുരുകുന്നു. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും അസഹനീയമാംവിധം ചൂട് ഉയരുകയാണ്. താപസൂചികാ (ഹീറ്റ് ഇൻഡക്സ്) ഭൂപടമനുസരിച്ച് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ അപകട മേഖലയിലാണ്. വെയിലത്ത് ഏറെനേരം ജോലി ചെയ്താൽ സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ള ജില്ലകളാണിത്. ചൂടിന്റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയാണ് താപസൂചിക പുറത്ത് വിട്ടത്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങൾ സൂര്യാതപം ഉറപ്പുള്ള അതീവ ജാഗ്രതാ വിഭാഗത്തിലാണ്. ഇവിടെയുള്ളവർ അതീവജാഗ്രത പാലിക്കണം. വെയിലത്ത് ഇറങ്ങാനേ പാടില്ല. സൂചികപ്രകാരം, ഏറെനേരം വെയിൽ കൊണ്ടാൽ തളർന്നുപോകുന്ന 40-45 വിഭാഗത്തിലാണ് കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും. ഇടുക്കി, വയനാട് ജില്ലകളിലെ മിക്ക മേഖലകളും 3040 വിഭാഗത്തിലാണ്.
അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും (ഹ്യുമിഡിറ്റി) ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുള്ളത്. യഥാർഥ അന്തരീക്ഷ താപനിലയെക്കാൾ കൂടുതലാണിത്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് (29നു താഴെ) ആശ്വാസകരമായ സ്ഥിതിയുള്ളത്. ബാക്കിയെല്ലായിടത്തം താപനില ഉയർന്നു തന്നെയാണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടമാറ്റിക് കാലാവസ്ഥാമാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ഈർപ്പം എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് താപസൂചികാ ഭൂപടം. അതേസമയം, ഓട്ടമാറ്റിക് കാലാവസ്ഥാമാപിനികളിലെ കണക്കുകൾ പൂർണമായി ശാസ്ത്രീയമെന്നു പറയാനാകില്ലെന്നു വിദഗ്ദ്ധർ സൂചിപ്പിച്ചു. വരും ദിവസങ്ങളിലും ചൂടു കൂടുന്ന സ്ഥിതി തുടർന്നാൽ ജനജീവിതം ദുസ്സഹമാകും. ഇപ്പോൾ തന്നെ ജനങ്ങൾ ചൂടുകൊണ്ട് പൊറുതി മുട്ടിയ നിലയിലാണ്.
കേരളത്തിലെ കാലാവസ്ഥയിൽ താപനില 36.5 ഡിഗ്രി സെൽഷ്യസ്, അന്തരീക്ഷ ഈർപ്പം 40% എന്നിങ്ങനെയാണങ്കിൽ തന്നെ താപസൂചിക 40 കടക്കും. താപനില 37 ഡിഗ്രി, അന്തരീക്ഷ ഈർപ്പം 50% എന്നിങ്ങനെയായാൽ ഇതു 46 ആകും. താപനിലയിലെ നേരിയ വർധന കൊണ്ടുപോലും സ്ഥിതി രൂക്ഷമാകുമെന്ന് അർഥം.
ഇന്നലെ കണ്ണൂർ (37.6 ഡിഗ്രി), കോട്ടയം (37.5 ഡിഗ്രി) ജില്ലകളിലായിരുന്നു ഏറ്റവും കൂടിയ പകൽ താപനില. വിവിധ ജില്ലകളിൽ ഇന്നുമുതൽ നേരിയ മഴ എന്ന പ്രവചനം കാലാവസ്ഥാ വകുപ്പ് തിരുത്തി. നാളെമുതൽ എന്നാണ് പുതിയ വിവരം.