- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കെഞ്ചിറ സിനിമ ഒടിടിയിലൂടെ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചു; സിനിമ മേഖലയിലെ പലരെയും പറ്റിച്ചിട്ടുണ്ട്; വിവാദം നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടി'; വിജേഷ് പിള്ള തട്ടിപ്പുകാരനെന്ന് സംവിധായകൻ മനോജ് കാന
കോഴിക്കോട്: സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്ത ഇടനിലക്കാരനെന്ന് സ്വപ്ന സുരേഷ് ആരോപിക്കുന്ന വിജേഷ് പിള്ള സിനിമ മേഖലയിലെ പലരേയും പറ്റിച്ചിട്ടുണ്ടെന്ന് സംവിധായകൻ മനോജ് കാന. കെഞ്ചിറ സിനിമ ഒടിടി യിലൂടെ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ് കാന പറഞ്ഞു.
സിനിമയുടെ പബ്ലിസിറ്റി ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി ഉപയോഗിച്ചു. എം വി ഗോവിന്ദനെ പോലുള്ളവരെ അറിയാമെന്ന് പറഞ്ഞെങ്കിൽ അത് നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. സ്വപ്നയുമായി ചേർന്ന് നടത്തിയ നീക്കമാണോ എന്ന് സംശയമുണ്ടെന്നും നാടുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ഇയാളെന്നും മനോജ് കാന ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന് പറഞ്ഞ് വിജയ് പിള്ള എന്ന വിജേഷ് പിള്ള തന്നെ സമീപിച്ചുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ചത്. ഇയാൾ 30 കോടി രൂപ വാഗ്ദാനം ചെയ്തതായും എം വി ഗോവിന്ദന് വേണ്ടിയാണ് എത്തിയതെന്ന് വെളിപ്പെടുത്തിയതായും സ്വപ്ന പറഞ്ഞിരുന്നു.
എന്നാൽ സ്വപ്നയുടെ ആരോപണങ്ങളെയെല്ലാം തള്ളി ഇന്ന് വിജേഷ് പിള്ള മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എം വി ഗോവിന്ദന്റെ നാട്ടുകാരനാണെന്നാണ് പറഞ്ഞതെന്നും ഒടിടി വരുമാനത്തിൽ നിന്ന് 30 ശതമാനം നൽകാമെന്നാണ് പറഞ്ഞതെന്നും ഇയാൾ പ്രതികരിച്ചിരുന്നു.
ആരോപണങ്ങൾ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നാണ് ഇതിന് പിന്നാലെ സ്വപ്ന ഫേസ്‌ബുക്കിൽ കുറിച്ചത്. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കയാണെന്നും വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സ്വപ്ന പറഞ്ഞു. തെളിവുകൾ ഏജൻസികൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടൻ കോടതിയിലും നൽകും.
എം വി ഗോവിന്ദൻ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും വിജേഷ് പിള്ളയ്‌ക്കെതിരായ ആരോപണങ്ങളിൽ തെളിവ് ഉണ്ടെന്നും സ്വപ്ന ഫേസ്‌ബുക്കിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ