പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് സിവിൽ ഓഫീസർ തട്ടിയെടുത്തത് രണ്ട് കോടിയോളം രൂപ. കോട്ടുവള്ളി വാണിയക്കാട് അറയ്ക്കപറമ്പ് വീട്ടിൽ അനീഷ് (35)നെയാണ് പറവൂർ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുള്ളത്. ഇയാൾ കൊച്ചിയിൽ ഏക്സൈസ് സിവിൽ ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

പറവൂരിൽ മാത്രം ഇയാൾക്കെതിരെ 5 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയ്ക്കകത്തും പുറത്തുമായി 20 ലേറെ കേസുകളിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കൈതാരം സ്വദേശിയായ യുവാവിന് റഷ്യയിലെ കമ്പനിയിൽ ഇലക്ട്രീഷ്യൻ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്. ജോലിലഭിക്കാത്തതിനെ തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.ഇതെത്തുടർന്നാണ് ഇയാളെ പറവൂർ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

റഷ്യയിലെ വൈൻനിർമ്മാണ് കമ്പിനിയിൽ സെയിൽസ്മാനായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയിരുന്നു.ഒരാളിൽ നിന്നും രണ്ടര ലക്ഷം രൂപയാണ് അനീഷ് വാങ്ങിയിരുന്നത്.തുക ഒട്ടുമിക്കവരിൽ നിന്നും പണമായി കരസ്ഥമാക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായതിനാൽ പണം അക്കൗണ്ടിൽ ഇട്ടാൽ ജോലിക്ക് പ്രശനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പണം കയ്യിൽ വാങ്ങിയിരുന്നതെന്ന് തട്ടി്പ്പിനിരയായവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ നിരവധി പേരെ അനീഷ് വിദേശത്തേയ്ക്ക് അയച്ചതായുള്ള വിവരംങ്ങളും പുറത്തുവന്നിട്ടുണ്ട്.അനീഷ് ഇടനിലക്കാരൻ മാത്രമെന്നും പണം തട്ടിയെടുത്തത് മറ്റാരോ ആണെന്നുള്ള പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്. മുമ്പ് ഇയാൾ മുഖേന നിരവധി പേർ വിദേശ രജ്യങ്ങളിൽ ജോലിക്ക് പോയിട്ടുണ്ടെന്നും റഷ്യ -ഉക്രെയിൻ യുദ്ധം നീണ്ടുനിന്നതോടെ ലക്ഷ്യമിട്ട കാര്യങ്ങൾ നടന്നില്ലന്നും ഇതിനകം പണം കൈപ്പറ്റിയവർ അനീഷിനെ കൈവിടുകയായിരുന്നെന്നുള്ള വിവരങ്ങളും ചർച്ചയായിട്ടുണ്ട്.

സാമാന്യം ഭേതപ്പെട്ട സാമ്പത്തീക നിലവാരത്തിൽ ജീവിച്ചുവന്നിരുന്ന അനീഷ് ഇത്തരത്തിൽ കേസിൽ അകപ്പെട്ടത് അടുപ്പക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്.താൻ തട്ടിപ്പ് നടത്തി സ്വന്തമാക്കിയ തുക എന്തുചെയ്തെന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനുള്ള പൊലീസ് നീക്കം ഇനിയും വിജയിച്ചിട്ടില്ല. റിമാന്റ് ചെയ്യപ്പട്ട് അനീഷിനെ പൊലീസ് ഇന്നലെ കസ്റ്റഡിൽ വാങ്ങി ചോദ്യം ചെയ്യൽ ആരംഭിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയില്ല്ന്നനാണ് പൊലീസ് നൽകുന്ന വിവരം.

ഇയളും സഹായിയും ചേർന്ന് നടത്തിയിട്ടുള്ള തട്ടിപ്പിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ ഇപ്പോഴും പുറത്തുവന്നിട്ടില്ലന്നും കൂടുതൽ അന്വേഷണത്തിന് ശേഷമെ തട്ടിപ്പിന്റെ വ്യാപ്തി മനസിലാവു എന്നാതാണ് സ്ഥിതിയെന്നും പൊലീസ് വ്യക്തമാക്കി. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്‌ഐമാരായ മുഹമ്മദ് ബഷീർ, പ്രശാന്ത് പി നായർ, എസ്.സി.പി.ഒ രാജേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.