- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീറിപ്പാഞ്ഞുവന്ന ബൈക്ക് പൊലീസ് പരിശോധന കണ്ടപ്പോൾ സഡൻ ബ്രേക്കിട്ട് തിരിക്കുന്നതിനിടെ മറിഞ്ഞു; പരിശോധിച്ചപ്പോൾ 22കാരന്റെ കയ്യിൽ 1.249 ഗ്രാം എം ഡി എം എ; സംഭവം പെരിന്തൽമണ്ണയിൽ
മലപ്പുറം: ചീറിപ്പാഞ്ഞുവന്ന ബൈക്ക് പൊലീസിന്റെ പരിശോധന കണ്ടപ്പോൾ സഡൻ ബ്രേക്കിട്ട് തിരിക്കുന്നതിനിടെ മറിഞ്ഞു. പരിശോധിച്ചപ്പോൾ 22കാരന്റെ കയ്യിൽ 1.249 ഗ്രാം എം.ഡി.എം.എ. മലപ്പുറം പെരിന്തൽമണ്ണയിലാണു സംഭവം. പെരിന്തൽമണ്ണ എരവിമംഗലം കൊട്ടാരപരമ്പിൽ അംജദി(22) നെയാണ് എസ്ഐ യാസറും സംഘവും കസ്റ്റഡിയിലെടുത്തത്.
പെരിന്തൽമണ്ണ പൊന്നിയാംകുറുശി -മാനത്തുമംഗലം ബൈപ്പാസ് റോഡിൽ വച്ചാണ് സംഭവം. ചില്ലീസ് ജംഗ്ഷൻ ഭാഗത്തു നിന്നു വേഗതയിലെത്തിയ സ്‌കൂട്ടർ പൊലീസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനം പെട്ടെന്ന് തിരിച്ചു പോകാൻ ശ്രമിക്കവേ സ്‌കൂട്ടർ മറിഞ്ഞു. തുടർന്നു പൊലീസ് പിടികൂടി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ പക്കൽ നിന്നു 1.249 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തു പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.സി.പി.ഒമാരായ ഉല്ലാസ്, സൽമനുൽ ഫാരിസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അതേ സമയം കഴിഞ്ഞ ദിവസം മാരുതി സുസുക്കി സ്വിഫ്റ്റ് കാറിൽ ഒളിപ്പിച്ച എംഡിഎംഎ എക്സൈസ് കണ്ടെത്തിയതും ഏറെ നാടകീയതയിലൂടെയായിരുന്നു. വാടകക്ക് എടുത്ത കാറിൽ ഡാഷ് ബോർഡിനുള്ളിൽ മ്യൂസിക് സിസ്റ്റത്തിന് പിറകിൽ പാക്കറ്റിലായി ഒട്ടിച്ചുവച്ച നിലയിലാണു എം.ഡി.എം.എ കണ്ടെത്തിയത്. കാറിനുള്ളിൽ സൂക്ഷിച്ച 51.580 ഗ്രാം എംഡിഎംഎ നിലമ്പൂർ എക്‌സൈസ് സർക്കിൾ വിഭാഗമാണ് പിടികൂടിയത്.
വാടകക്ക് എടുത്ത കാറിൽ എംഡിഎംഎ കടത്തിക്കൊണ്ടു വരികയായിരുന്ന പ്രതികൾ ഗൂഡല്ലൂരിൽ ജുമാ മസ്ജിദിന്റെ പാർക്കിങ് ഏരിയായിൽ വാഹനം പാർക്ക് ചെയ്ത് ഭക്ഷണം കഴിക്കുവാൻ പോയ സമയത്ത് പ്രാർത്ഥന കഴിഞ്ഞു വന്ന വിശ്വാസികൾക്ക് വാഹനം എടുക്കാൻ തടസം നേരിട്ടതിനെ തുടർന്നു നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ വാഹനം നിർത്തിയിട്ടവർ എത്തി നാട്ടുകാരെയും പൊലീസുകാരെയും കണ്ട് പരിഭ്രമിച്ച് വാഹനത്തിന്റെ താക്കോൽ തൊട്ടടുത്തുള്ള ലോഡ്ജിന്റെ ഉടമയെ ഏൽപ്പിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ വാഹനം പൊലീസ് വിളിച്ചറിയിച്ചതിനെ തുടർന്നു ഉടമയും കൂട്ടുകാരും പൊലീസ് സ്റ്റേഷനിലെത്തി കൈപ്പറ്റി മടങ്ങി വരവേ വാഹനം കൊണ്ടുപോയവർ വാഹന ഉടമയെ നിരന്തരം ഫോണിൽ വിളിച്ച് വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടു. സംശയം തോന്നിയ വാഹന ഉടമ എക്‌സൈസിൽ വിവരമറിയിക്കുകയും വഴിക്കടവ് ചെക്ക് പോസ്റ്റിൽ വച്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്കായി വാഹനം വിട്ടു നൽകുകയും ചെയ്തു.
പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. തുടർന്നു നിലമ്പൂർ എക്‌സൈസ് സർക്കിൾ ഓഫീസിൽ വാഹനം എത്തിച്ച് മെക്കാനിക്കിന്റെ സഹായത്തോടെ വിശദമായ പരിശോധിച്ചപ്പോഴാണ് ഡാഷ് ബോർഡിനുള്ളിൽ മ്യൂസിക് സിസ്റ്റത്തിന് പിറകിൽ പാക്കറ്റിലായി ഒട്ടിച്ചുവച്ച നിലയിൽ 51.580 ഗ്രാം എംഡിഎംഎ കാണപ്പെട്ടത്. വാഹനം കൊണ്ടുപോയവരെക്കുറിച്ചും ഗുഢല്ലൂരിൽ ഉപേക്ഷിച്ചു കടന്നവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടനെ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്