- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മുഴുവൻ സമയവും ഫയർ വാച്ചർമാരെ നിയോഗിക്കാനും സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കാനും തീരുമാനം. തീപിടിത്തത്തെ തുടർന്ന് രൂപവത്കരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. കോർപറേഷനാണ് ഫയർ വാച്ചർമാരെ നിയോഗിക്കാനുള്ള ചുമതല.
ജാഗ്രത തുടരുകയാണെന്ന് യോഗത്തിൽ കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ ആരോഗ്യസർവേ പുരോഗമിക്കുകയാണ്. തുടർചികിത്സ ആവശ്യമുള്ളവരോട് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താൻ നിർദേശിക്കും. ടെലിഫോൺ വഴിയും സേവനം ലഭ്യമാക്കും. അഗ്നിരക്ഷ ഉദ്യോഗസ്ഥർക്കായി കാക്കനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. മടങ്ങിപ്പോയ ഉദ്യോഗസ്ഥർക്ക് അതത് ജില്ലകളിലെ ജില്ല മെഡിക്കൽ ഓഫിസ് വഴി ആരോഗ്യപരിരക്ഷയും തുടർ പരിശോധനയും ഉറപ്പാക്കിയിട്ടുണ്ട്. എക്സ്കവേറ്റർ ഡ്രൈവർമാർ, സിവിൽ ഡിഫൻസ്, കോർപറേഷൻ ജീവനക്കാർ എന്നിവർക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കും. അന്തർ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും നിർദ്ദേശം നൽകി.
17ന് മാലിന്യ സംസ്കരണം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടത്തും. ബ്രഹ്മപുരത്തെ വായു, വെള്ളം, മണ്ണ് എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കും. ഫലത്തിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ