തിരുവനന്തപുരം: 2021-22 വർഷത്തിലെ സംസ്ഥാന കായകൽപ്പ് പുരസ്‌കാരം പരിപാടിയുടെ ഉദ്ഘാടനവും അവാർഡ് വിതരണവും മാർച്ച് 24 വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവർ വിശിഷ്ടാതിഥികളാകും.

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. ജില്ലാതല പരിശോധനയും സംസ്ഥാനതല പരിശോധനയും നടത്തി പ്രവർത്തനം വിലയിരുത്തുന്നു. ഇതിൽ സംസ്ഥാന തലത്തിൽ മികച്ച സ്‌കോർ കരസ്ഥമാക്കുന്ന വിവിധതലങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങൾക്കാണ് അവാർഡ് നൽകുന്നത്.

കേരളത്തിലെ ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (യു.പി.എച്ച്.എസി) എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിർണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുക്കുന്നത്.