- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ കോൺഗ്രസ് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസിനു നേരെ അക്രമം; പതിനഞ്ചോളം പേർക്ക് പരിക്ക്; കോൺഗ്രസ് നേതാക്കളെ പൊലിസ് തല്ലിചതച്ചതായി ആരോപണം; യുദ്ധക്കളമായി കണ്ണൂർ നഗരം
കണ്ണൂർ:മാനദണ്ങ്ങൾ ലംഘിച്ചു വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു സംസ്ഥാനവ്യാപകമായി കോൺഗ്രസ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കെതിരെ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലാണ് വ്യാപകമായ സംഘർഷമുണ്ടായത്.തിങ്കളാഴ്ച്ചരാവിലെ പതിനൊന്നു മണിയോടെ നടത്തിയ പ്രതിഷേധമാർച്ചും ധർണയ്ക്കുമിടെയാണ് പൊലിസുമായി സംഘർഷമുണ്ടായത്. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
ഇരു നേതാക്കളെയും പൊലിസ് കൈയേറ്റം ചെയ്തുവെന്നാരോപിച്ചാണ് പൊലിസിനെതിരെ നൂറിലേറെ പ്രവർത്തകർ തിരിഞ്ഞത്. ഇതോടെ പ്രവർത്തകർക്കെതിരെ പൊലിസ് ലാത്തിവീശി. നേതാക്കൾ ഉൾപ്പടെ പന്ത്രണ്ടു പേർക്ക് പൊലിസ് ലാത്തിചാർജ്ജിൽ പരുക്കേറ്റു. ഇതേ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ആറോളം ടയറുകൾ കൂട്ടിയിട്ടു കത്തിച്ചുപ്രതിഷേധിച്ചു. ഇതു ഫയർഫോഴ്സെത്തിയാണ് വെള്ളം ചീറ്റി അണച്ചത്. സംഘർഷത്തെതുടർന്ന് ഈറൂട്ടിലുള്ള ഗതാഗതംസ്തംഭിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പൊലിസ് ബലം പ്രയോഗിച്ചാണ് പൊലിസ് വാഹനത്തിൽ കയറ്റിയത്. പൊലിസ് യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതിഷേധമാർച്ച് നടത്തിയവർക്കെതിരെ ലാത്തിവീശിയതെന്ന് ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് ആരോപിച്ചു.
വനിതാപ്രവർത്തകരെയടക്കം വലിച്ചിഴച്ചു മർദ്ദിച്ചു. സജീവ്ജോസഫ് എംഎൽഎയെയും പൊലിസ് മർദ്ദിച്ചുവെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു. പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ മുഴുവൻ മണ്ഡലങ്ങളിലും ഇന്ന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് മാർട്ടിൻ ജോർജ് അറിയിച്ചു. ടൗൺ പൊലിസ്സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു പൊലിസ് വാഹനത്തിൽ കയറ്റികൊണ്ടു പോയ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിനെ ഉൾപ്പെടെ പൊലിസ് മർദ്ദിച്ചതായി പരാതിയുണ്ട്.
പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇരിക്കൂർ പടിയൂർ സ്വദേശി രോഹിത്ത് കരുണൻ, കർഷക കോൺഗ്രസ് നേതാവ് കെ.സി വിജയൻ, രാഹുൽ തുടങ്ങിയവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ മൂന്ന് വനിതാ പ്രവർത്തകരുമുണ്ട്. സംഘർഷത്തിൽ ഏതാനും പൊലിസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരും ചികിത്സ തേടിയിട്ടുണ്ട്. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ പി. എം ബിനുമോഹന്റെ നേതൃത്വത്തിലാണ് പൊലിസ് സംഘം മാർച്ചിനെ നേരിടാൻ അണിനിരന്നത്.