കൊച്ചി: പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അപകടം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് മറുപടി നൽകാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസറോട് ആവശ്യപ്പെട്ടു. നാളെ വിഷയം ഹൈക്കോടതി പരിഗണിക്കും.

ഇലവുങ്കൽ നിന്ന് കണമല പൊകുന്ന വഴി നാറാണൻ തോടിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം നടന്നത്. അപകടത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റു. മൈലാടുംതുറ സ്വദേശികളായ തീർത്ഥാടകർ ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കൽ-എരുമേലി റോഡിലെ മൂന്നാം വളവിൽ അപകടം ഉണ്ടായത്. അപകട സമയത്ത് ബസിൽ 64 മുതിർന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്.

അമിത വേഗതയാണ് അപകടത്തിന് കാരണമായത് എന്നാണ് സംശയം. വേഗത്തിൽ വന്ന ബസ് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് വിലയിരുത്തൽ. ബസിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നും കണ്ടെത്താൻ പ്രാഥമിക പരിശോധനയിൽ കഴിഞ്ഞില്ല. അതേസമയം പരിക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലാക്കി. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ കോന്നി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘത്തോട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്താൻ മന്ത്രി പി പ്രസാദ് നിർദ്ദേശിച്ചു.