- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ചാറ്റ് ജിപിടിയുടെ ഉപദേശം തേടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി; പുതിയ നടപടി ക്രമത്തിന് തുടക്കമിട്ട് ജസ്റ്റിസ് അനൂപ് ചിത്കാര അധ്യക്ഷനായ ബെഞ്ച്
ന്യൂഡൽഹി: ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ചാറ്റ് ജിപിടിയുടെ ഉപദേശം തേടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജസ്റ്റിസ് അനൂപ് ചിത്കാര അധ്യക്ഷനായ ബെഞ്ചാണ് പുതിയ നടപടിക്രമത്തിനു തുടക്കം കുറിച്ചത്. ക്രൂരമായ ആക്രമണം നടത്തിയവർക്ക് ജാമ്യം അനുവദിക്കുന്നതിലെ നീതിന്യായ രീതിയെന്തെന്നായിരുന്നു ചാറ്റ് ജിപിടിയോട് കോടതി ചോദിച്ചത്. അതിനു ചാറ്റ് ജിപിടി നൽകിയ മറുപടിയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ.
'കേസിന്റെ സാഹചര്യം, രാജ്യത്തെ നിയമം എന്നിവയെ ആശ്രയിച്ചായിരിക്കുമിത്. കൊലപാതകം, ക്രൂരമായ ആക്രമണം, പീഡനം എന്നിവയൊക്കെയാണ് അക്രമികൾക്കെതിരെ ചുമത്തിയിരിക്കുന്നതെങ്കിൽ അവർ സമൂഹത്തിന് ഭീഷണിയാണെന്ന് കണക്കാക്കാം. ഇത്തരം കേസുകളിൽ ജഡ്ജി ജാമ്യം നൽകാനുള്ള സാധ്യത കുറവാണ്. അല്ലെങ്കിൽ പൊതുസമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ജാമ്യത്തുക ഉയർത്തിയേക്കാം. ആക്രമണത്തിന്റെ തീവ്രത, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം, തെളിവുകൾ എന്നിവയെല്ലാം ജഡ്ജി പരിഗണിക്കേണ്ടതാണ്. ക്രൂരമായ ആക്രമണം നടത്തിയ പ്രതിയാണെങ്കിൽ പോലും പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നു ജഡ്ജിക്കു ബോധ്യപ്പെട്ടാൽ ജാമ്യം നൽകാം.'
ഹർജി നൽകിയ പ്രതിയും കൂട്ടാളികളും ചേർന്ന് ഒരാളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ട് കേസുകളുള്ള ഇയാളുടെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് ജാമ്യാപേക്ഷ കോടതി തള്ളി. ഹീനമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയിൽ ക്രൂരത അടിസ്ഥാനഘടകങ്ങളിലൊന്നായി പരിഗണിക്കാമെന്നു ബെഞ്ച് നിരീക്ഷിച്ചു.
ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട പരാമർശം കേസിന്റെ മെറിറ്റുമായി ഒരുതരത്തിലും ബന്ധമില്ലാത്തതാണെന്നും ക്രൂരത ഉൾപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷ പരിഗണിക്കുന്ന നീതിന്യായരീതിയുടെ പൊതുചിത്രം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി.