മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ അനധികൃതമായി സ്ഫോടകവസ്തുക്കൾ കൈവശം വച്ചതിന് തമിഴ്‌നാട് സ്വദേശി പിടിയിൽ. സേലം കൊങ്കരപ്പട്ടി സ്വദേശി കാശി വെങ്കിടാചലം (36) നെയാണ് പെരിന്തൽമണ്ണ സിഐ: സി.അലവി, എസ്‌ഐ: എ.എം.യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലയിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും ഇത്തരം സ്ഫോടകവസ്തുക്കൾ കൊണ്ടുവന്ന് യാതൊരു സുരക്ഷാമാനദണ്ഡങ്ങളില്ലാതെ അപകടകരമായ രീതിയിൽ ആൾതാമസമുള്ള സ്ഥലങ്ങളിലും ക്വാർട്ടേഴ്സുകളിലും മറ്റും അനധികൃതമായി സൂക്ഷിച്ച് ക്വാറികളിലും കിണറുകളിലും പാറപൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നതായി മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത് ദാസിനു രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്‌പി. എം.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പൊലീസും ജില്ലാ ആന്റിനർക്കോട്ടിക് സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പട്ടാമ്പിറോഡിൽ ചോലോംകുന്ന് വച്ച് സേലം സ്വദേശി കാശി വെങ്കിടാചലത്തിന്റെ കൈവശത്തുനിന്നും സ്ഫോടനത്തിനു തയ്യാറാക്കിയ നിലയിലുള്ള ജലാറ്റിൻ സ്റ്റിക്കൂകൾ, ഡിറ്റണേറ്റർ,ഫ്യൂസ് വയറുകൾ എന്നിവ പിടികൂടിയത്.

ഒരാഴ്ച മുൻപ് അങ്ങാടിപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ നിന്നും ഇത്തരത്തിൽ സ്ഫോടക വസ്തുക്കളുമായി സേലം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹജരാക്കുമെന്നും തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്നും സിഐ.സി.അലവി അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്‌പി.എം.സന്തോഷ്‌കുമാർ, സിഐ.സി.അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ. എ.എം.യാസിർ, സിവിൽ പൊലീസ് ഓഫീസർ ജയേഷ്, പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡ് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.