- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരാതനമായ മാവൂർ ചിറക്കൽതാഴം പട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രക്കുളം ഇനി മുതൽ പൊതു കുളം; ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കുളം ഗ്രാമപഞ്ചായത്തിന് സൗജന്യമായി കൈമാറി
കോഴിക്കോട്: പുരാതനമായ മാവൂർ ചിറക്കൽ താഴം പട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ക്ഷേത്രക്കുളം ഇനി മുതൽ പൊതുകുളമാകും. ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന ക്ഷേത്ര കുളം മാവൂർ ഗ്രാമപഞ്ചായത്തിന് സൗജന്യമായി കൈമാറുകയായിരുന്നു. ഇതോടെയാണ് ക്ഷേത്രക്കുളം പൊതുകുളമായി മാറിയത്.
ക്ഷേത്രത്തിന്റെ ഊരായ്മക്കാരാണ് മാവൂർ ഗ്രാമപഞ്ചായത്തിന് സൗജന്യമായി കുളം വിട്ടു നൽകിയത്. പൊതുകുളമായതോടെ നീന്തൽ പഠിക്കുന്നതിനും കുളിക്കുന്നതിനും, മറ്റ് ആവശ്യങ്ങൾക്കും പട്ടക്കുളങ്ങര കുളം ഉപയോഗിക്കാനാകും. പഞ്ചായത്തിന് കുളം കൈമാറി കിട്ടിയതോടെ നഗരസഞ്ജയം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് കുളം നവീകരിച്ചു. ആഴം കൂട്ടുകയും ചുറ്റും കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ കുളത്തിലേക്ക് ഇറങ്ങാൻ ആവശ്യമായ പടവുകളും നിർമ്മിച്ചിട്ടുണ്ട്. ഇരുപത് മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമാണ് നവീകരിച്ച കുളത്തിനുള്ളത്. ഒരുമാസം മുമ്പ് ആരംഭിച്ച നവീകരണ പ്രവർത്തി ഇപ്പോൾ പൂർത്തിയായി കഴിഞ്ഞു. പ്രവർത്തി പൂർത്തീകരിച്ച പട്ടക്കുളങ്ങര പൊതുകുളത്തിന്റെ ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യ പ്രകാശ് അധ്യക്ഷത വഹിച്ചു. ക്ഷേത്രം ട്രസ്റ്റി നാരായണൻ നമ്പൂതിരി, രാമചന്ദ്രൻ നമ്പൂതിരി, കെ പി സഹദേവൻ, കെ എം അപ്പുകുഞ്ഞൻ, പുലപ്പാടി ഉമ്മർ മാസ്റ്റർ, എം പികരീം, ഗീത കാവിൽ പുറായ്, എ പി മോഹൻദാസ്, കെ സി വാസന്തി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കൂടാതെ പട്ടകുളങ്ങര പൊതുകുളത്തിനരികിലൂടെ പോകുന്ന ചിറക്കൽ താഴം - പടരുകുളങ്ങര റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത് നിർവ്വഹിച്ചു.
കെ വി നിരഞ്ജന് മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.