കോലഞ്ചേരി: പൂതൃക്ക ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ശേഖരിച്ച് സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീവച്ചയാൾ പിടിയിൽ. ഐക്കരനാട് സൗത്ത് പരിയാരം കരയിൽ മീമ്പാറ ഭാഗത്ത് കദളിപ്പറമ്പിൽ ശങ്കർ (44) നെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ് 24 ന് രാത്രി ഒരു മണിക്കാണ് സംഭവം.

ഇയാളുടെ കുടുംബവീടിന് സമീപമാണ് പ്ലാസ്റ്റിക്ക് സൂക്ഷിച്ചിരുന്ന കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ഇവിടെ പ്ലാസ്റ്റിക്ക് സൂക്ഷിച്ച വിരോധമാണ് തീവയ്ക്കാൻ കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഏഴ് കടമുറികളിലും മുറ്റത്തുമായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കും, ഇത് പൊടിക്കാനുപയോഗിക്കുന്ന മെഷീനുകളും , കെട്ടിടത്തിന്റെ വയറിംഗുകളും തീവയ്പിൽ കത്തിനശിച്ചു. സംഭവത്തിന് ശേഷം പ്രതി വയനാട്ടിൽ ഒളിവിലായിരുന്നു.

ഡി.വൈ.എസ്‌പി ടി.ബി.വിജയൻ, ഇൻസ്‌പെക്ടർ ടി.ദിലീഷ്, എസ്‌ഐ കെ.എസ്.ശ്രീദേവി, എഎസ്ഐ മനോജ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബി.ചന്ദ്രബോസ്, ഡിനിൽ ദാമോധരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.