ചിന്നക്കനാൽ: അരിക്കൊമ്പൻ കുങ്കിയാനകളുടെ അരികിലെത്തിയത് ഭീതി പരത്തി. തന്നെ കൂട്ടിലാക്കാനെത്തിച്ച കുങ്കിയാനകളുടെ അരികിലാണ് ഇത്തവണ അരിക്കൊമ്പൻ പ്രത്യക്ഷപ്പെട്ടത് സിമന്റ് പാലത്ത്‌ കുങ്കിയാനകൾക്ക് അരികിലെത്തിയ അരിക്കൊമ്പനെ പാപ്പാന്മാരും വനപാലകരും ചേർന്ന് തുരത്തിയോടിച്ചു. അരിക്കൊമ്പൻ കുറച്ച് ദിവസമായി കുങ്കികളെ പാർപ്പിച്ചിരിക്കുന്ന സിമന്റ് പാലത്തിന് സമീപത്താണുള്ളത്.

സിമന്റ് പാലം ഭാഗത്ത് തളച്ചിട്ടുള്ള കുങ്കി ആന കോന്നി സുരേന്ദ്രന് സമീപം അരി കൊമ്പൻ എത്തിയതിൽ പാപ്പാന്മാർക്കും വനപാലകർക്കും ഭീതി. പാപ്പാന്മാർ ചായ കുടിക്കാനായി മാറിയ സമയത്താണ് അരിക്കൊമ്പൻ കുങ്കി ആനകൾ നിന്നിരുന്ന പ്രദേശത്തേയ്ക്ക് എത്തിയത്. ഈ സമയം ഇതുവഴി എത്തിയവരാണ് അരിക്കൊമ്പൻ കോന്നി സുരേന്ദ്രന്റെ പിന്നിൽ നിൽക്കുന്നത് കണ്ടത്.

അരിക്കൊമ്പൻ സമീപത്ത് എത്തിയതോടെ കോന്നി സുരേന്ദ്രൻ നേരിയ പരിഭ്രാന്തിയിലാണെന്ന് ചലനങ്ങളിൽ നിന്നും വ്യക്തമായതായി സ്ഥലത്തുണ്ടായിരുന്നവരിൽ നിന്നും ലഭിക്കുന്ന വിവരം. അടുത്തു വന്ന് ഏതാനും മിനിട്ടുകൾ നിന്നെങ്കിലും അരിക്കൊമ്പൻ ആക്രമിക്കാൻ ഒരുമ്പെട്ടില്ലന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. വിവരമറിഞ്ഞെത്തിയ ആർ ആർ ടി ടീമംഗങ്ങളും പാപ്പാന്മാരും ഒച്ച വച്ച തോടെ അരിക്കൊമ്പൻ കാട്ടിലേയ്ക്ക് കയറി. ഇപ്പോഴും കുങ്കി ആനകൾ നിൽക്കുന്നതിന് സമീപം വനപ്രദേശത്ത് അരി കൊമ്പൻ ചുറ്റിക്കറങ്ങുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.

അതേസമയം, അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുകയാണ്. ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്.