ന്യൂഡൽഹി: അയോഗ്യതയിലേക്ക് നയിച്ച അപകീർത്തി കേസിൽ രാഹുൽഗാന്ധി നാളെ അപ്പീൽ നൽകും. സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാകും. ശിക്ഷാ വിധിയിൽ പാളിച്ചയുണ്ടെന്നും, കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെടും. അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്ക് വീണ്ടും എംപിയാകാൻ കഴിയും.

കോലാർ പ്രസംഗത്തിൽ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ 23നാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വർഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീൽ നൽകാൻ ഒരു മാസത്തെ സാവകാശവും നൽകി. അപ്പീൽ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമർശനത്തിനിടെയാണ് രാഹുൽ നാളെ സിജെഎം കോടതിയിലേക്ക് നീങ്ങുന്നത്.

മനു അഭിഷേക് സിങ് വി, പി ചിദംബരം, സൽമാൻ ഖുർഷിദ് അടങ്ങുന്ന പാർട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീൽ തയ്യാറാക്കിയത്. ഗുജറാത്തിലെ കോടതികളിൽ നിന്ന് നീതി കിട്ടുമോയെന്നതിൽ കോൺഗ്രസ് സംശയം പ്രകടിപ്പിക്കുന്നതിനാൽ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അപ്പീൽ തയ്യാറാക്കിയിരിക്കുന്നത്.