- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ കാരണമില്ലാതെ പൊലീസ് മർദിച്ചെന്നു പരാതി; അടികൊണ്ട് അവശനായ യുവാവ് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിൽ
കൊച്ചി: യുവാവിനെ കാരണമില്ലാതെ പൊലീസ് മർദിച്ചെന്നു പരാതി. എറണാകുളം നോർത്ത് മേൽപാലം പരിസരത്തു വച്ചാണ് പൊലീസ് യുവാവിനെ യാതൊരു കാരണവും ഇല്ലാതെ തല്ലിയത്. ഇത് ചോദ്യം ചെയ്തതോടെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെ വെച്ച് മർദ്ദിക്കുകയും ചെയ്തു. കാക്കാനാട് തുതിയൂർ കല്ലോൽ കെ.എസ്.റിനീഷിനാണു (29) മർദനമേറ്റത്. അടികൊണ്ട് അവശനായ യുവാവു തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
നോർത്ത് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഉൾപ്പെടെ നാലു പൊലീസുകാർക്ക് എതിരെയാണു യുവാവും കുടുംബവും പരാതി നൽകിയത്. കടവന്ത്രയിലെ സ്വകാര്യ മാൻ പവർ സപ്ലൈ കമ്പനിയിൽ ജോലി ചെയ്യുകയാണ് റിനീഷ്. റസ്റ്ററന്റുകളിലേക്ക് ഉൾപ്പെടെ ജോലിക്കായി അതിഥിത്തൊഴിലാളികളെ തേടി ശനിയാഴ്ച ഉച്ചയ്ക്കു നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു സഹപ്രവർത്തകർക്കൊപ്പം ഇരിക്കുമ്പോഴാണ് പൊലീസ് പിടിച്ചത്. വീടും മറ്റും ചോദിച്ചു മനസ്സിലാക്കി എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും കാക്കനാടു വീടുള്ളയാൾ എറണാകുളത്ത് എന്തിനാണു വന്നിരിക്കുന്നതെന്നും ചോദിച്ചു.
ഫോൺ ആവശ്യപ്പെട്ടെങ്കിലും ഫോൺ തരാനാവില്ലെന്നു പറഞ്ഞ് പോക്കറ്റിൽനിന്നു സാധനങ്ങൾ എടുത്തു കാണിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥൻ ലാത്തികൊണ്ടു കാലിൽ അടിച്ചു. ആ ലാത്തി പൊട്ടി. എന്തിനാണു തല്ലിയതെന്നു ചോദിച്ചപ്പോൾ മുഖത്തടിച്ചു. മഫ്ത്തിയിലും യൂണിഫോമിലുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. തുടർന്നു രണ്ടുപേരെയും പൊലീസ് വാഹനത്തിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി വിശദമായി പരിശോധിച്ചു. സ്റ്റേഷനിൽ വച്ച് അവശതയും ഛർദിയും ഉണ്ടായതോടെ ആശുപത്രിയിൽ എത്തിക്കാമോ എന്നു ചോദിച്ചതിനെത്തുടർന്നു പൊലീസ് വാഹനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ വിശദ പരിശോധനയ്ക്കുശേഷം സ്റ്റേഷനിൽ തിരികെയെത്തിച്ചശേഷം വിട്ടയച്ചു. വീട്ടിലെത്തി ഛർദി തുടർന്നതോടെയാണു ബന്ധുക്കൾ വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്നും തൃക്കാക്കര സഹകരണ ആശുപത്രിയിലേക്കു മാറ്റി്. ഇന്നു തുടർ പരിശോധനകളുണ്ട്.
സംഭവത്തെക്കുറിച്ചു റിനീഷിന്റെ അമ്മ റീന ഷാജി ഡിജിപിക്കും പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിക്കും പരാതി നൽകി. നടപടി ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. കമ്മിഷണർ കെ.സേതുരാമൻ സെൻട്രൽ അസി. പൊലീസ് കമ്മിഷണർ സി.ജയകുമാറിനോട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. റിനീഷിന്റെ മൊഴി ശേഖരിച്ച ശേഷമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നു കമ്മിഷണർ അറിയിച്ചു. നോർത്ത് മേൽപാലത്തിനു സമീപം ലഹരിവിൽപനയടക്കം നടക്കുന്നതായി വിവരം ലഭിച്ചതിനാലാണ് അവിടെ എത്തിയതെന്നു പൊലീസ് പറയുന്നു. മൊബൈൽ ഫോൺ കൈമാറാൻ തയാറാകാത്തതിനെ തുടർന്നാണു സ്റ്റേഷനിലെത്തിച്ചതെന്നും യുവാവിനെ മർദിച്ചിട്ടില്ലെന്നുമാണു പൊലീസിന്റെ വിശദീകരണം.