ചേർത്തല: വിൽപനക്കെത്തിച്ച ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. എക്‌സൈസ് സംഘമാണ് ലഹരി സംഘത്തെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കണിച്ചുകുളങ്ങര മിച്ചവാരം വീട്ടിൽ പ്രിജിത്ത് (24), ചേർത്തല തെക്ക് പഞ്ചായത്ത് തെക്കുംമുറി നികർത്തിൽ വീട്ടിൽ നിഥിൻ (26) എന്നിവരാണ് പിടിയിലായത്.

ഓടി രക്ഷപ്പെട്ട ചേർത്തലതെക്ക് ചക്കാലവീട്ടിൽ ശ്രീകാന്തിനായി തിരച്ചിൽ ഊർജ്ജിതമാക്കി. ചേർത്തല കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്‌സൈസ് ഇൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് പ്രത്യേക സംഘവും, ആലപ്പുഴ ഐ ബിയും ചേർന്ന് ചേർത്തല നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.