- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ഉറങ്ങിക്കിടന്ന സമയത്ത് വീടിന്റെ രണ്ടാം നിലയിൽ തീപടർന്നു; പുറത്തുപോയ അച്ഛനെ കാത്തിരുന്ന 12 വയസ്സുകാരൻ കണ്ടത് രക്ഷയായി: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പോത്തൻകോട്: രാത്രി വീട്ടുകാർ ഉറങ്ങുന്ന സമയം വീടിന്റെ രണ്ടാം നിലയിൽ തീപടർന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. പുറത്തുപോയ അച്ഛനെ കാത്തിരിക്കുകയായിരുന്ന മകൻ തീയും പുകയും കണ്ട് നിലവിളിച്ചതാണ് വൻ ദുരന്തത്തിൽ നിന്നും ഒരു കുടുംബത്തെ മുഴുവൻ രക്ഷിച്ചത്. പോത്തൻകോട് എസ്എൻഡിപി ഹാളിനു സമീപം എസ്എസ് ഭവനിൽ സുരേന്ദ്രന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലാണ് കഴിഞ്ഞ ദിവസം രാത്രി 11.30ന് തീപിടിത്തം ഉണ്ടായത്. സുരേന്ദ്രന്റെ ചെറുമകൻ 12 വയസ്സുകാരൻ ശ്രാവൺ ബഹളം വച്ചതാണ് രക്ഷയായകത്.
മകന്റെ ബഹളം കേട്ട് മുകളിലെ നിലയിൽ ഉറങ്ങിയ അമ്മ സനൂജ കിടപ്പുമുറിയുടെ വാതിൽ തുറക്കുമ്പോൾ മുന്നിൽ തീയും പുകയും കൊണ്ടു നിറഞ്ഞിരുന്നു. തുടർന്ന് ജനൽ ചില്ല് പൊട്ടിത്തെറിക്കുന്ന ഉഗ്രശബ്ദമുയർന്നു. ഇളയമകൻ അഞ്ചുവയസ്സുകാരൻ സാകേതിനെയും എടുത്ത് സനുജ താഴേക്കോടി രക്ഷപ്പെട്ടു. തീപിടിത്തമുണ്ടാകുമ്പോൾ സുരേന്ദ്രൻ, ഭാര്യ മീന ,ഇളയമകൻ ശരത് എന്നിവർ താഴത്തെ നിലയിലും മൂത്തമകൻ സജിത്തിന്റെ ഭാര്യ സനൂജയും മകൻ സാകേതും മുകളിലത്തെ നിലയിലും ഉറങ്ങുകയായിരുന്നു.
സജിത്തിന്റെയും സനൂജയുെടെയും മൂത്തമകൻ ശ്രാവൺ ഉറങ്ങിയിരുന്നില്ല. പുറത്ത് പോയ അച്ഛനെ കാത്ത് താഴെ ഉറങ്ങാതെ കാത്തിരിക്കുമ്പോഴാണ് മുകളിലെ തീയും പുകയും കണ്ടത്. സനൂജയുടെ മുറിയോടു ചേർന്നുള്ള മുറിയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നു കരുതുന്നു.
'സാധാരണ രാത്രി പത്തോടെ എല്ലാവരും ഉറങ്ങുകയാണ് പതിവ്. അപകടത്തിൽ മരിച്ച അടുത്ത സുഹൃത്തിന്റെ സംസ്കാരത്തിൽ പങ്കെടുക്കാൻ ഞാൻ പോയിരിക്കുകയായിരുന്നു. ഈ സമയം മകൻ ഉണർന്നിരുന്നതു കൊണ്ടു മാത്രമാണ് ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്'. നടുക്കം വിട്ടുമാറാതെ സജിത്ത് പറഞ്ഞു. സമീപവാസികളും വീട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതിയും നിലച്ചു. സമീപത്തെ എംടി തിയറ്ററിൽ നിന്ന് അഗ്നിശമന ഉപകരണം എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ചൂടു കൂടിയതോടെ സീലിങ്ങിലുണ്ടായിരുന്ന ടൈലുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഇതിനിടെ വെഞ്ഞാറമൂട് നിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റെത്തി തീ പൂർണമായി കെടുത്തി. അലമാരയും അതിലുണ്ടായിരുന്ന സാധനങ്ങളും രേഖകളും മുറിയുടെ വാതിലും വയറിങ്ങുമെല്ലാം കത്തി നശിച്ചു. തീപിടിത്തമുണ്ടായ മുറിയോടു ചേർന്നുള്ള കിടപ്പുമുറിയിലെ എസി ഉരുകി നശിച്ചു. പത്തുലക്ഷം രൂപയുടെ നാശനഷ്ടമുള്ളതായാണ് കണക്കാക്കുന്നത്.