മലപ്പുറം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും സംസ്ഥാന ചരിത്രത്തിലെ ഏറ്റ നീണ്ട സാക്ഷി വിസ്താരം നേരിടുകയും ചെയ്ത കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ ഒരു പതിറ്റാണ്ടിന് ശേഷം കോടതി വിധി പ്രസ്താവിക്കാനൊരുങ്ങുന്നു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) കേസിൽ ജഡ്ജി ടി എച്ച് രജിത ഈ മാസം 13ന് വിധി പ്രസ്താവിക്കും.

2018 സെപ്റ്റംബർ 19നാണ് ജഡ്ജ് എ വി മൃദുല മുൻപാകെ വിചാരണ ആരംഭിച്ചത്. സാക്ഷി വിസ്താരം മാത്രം ഒന്നര വർഷത്തോളമാണ് നീണ്ടത്. കുനിയിൽ ഇരട്ട കൊലപാതക കേസിനായി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘത്തലവനായ ഡിവൈഎസ്‌പി എം പി മോഹനചന്ദ്രന്റെ വിചാരണയോടു കൂടിയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റ നീണ്ട സാക്ഷി വിസ്താരം 2020 ഫെബ്രുവരി നാലിന് പൂർത്തിയായത്. ദൃക്‌സാക്ഷികളായ കൊളക്കാടൻ അബ്ദുൾ നജീബ്, കൊളക്കാടൻ അബ്ദുൾ റസാഖ്, ഷിബിൽ മുഹമ്മദ് തുടങ്ങിയവർ, പ്രതികൾ കുറ്റകൃത്യത്തിനു ഉപയോഗിച്ച ആയുധങ്ങൾ നിർമ്മിച്ചു നല്കിയ സുകുമാരൻ, രാഘവൻ എന്നിവർ, പ്രതികളുടെ ഫോൺ സംഭാഷണങ്ങൾ തെളിയിക്കുന്നതിനായി വിവിധ മൊബൈൽ സേവനദാതാക്കളുടെ നോഡൽ ഓഫീസർമാരായ രമേഷ് രാജ്, രാജ് കുമാർ പവ്വത്തിൽ, ഷാഹിൻ കോമത്ത്, അൻവർ അസീസ് എന്നിവർ, പ്രതികൾ കുറ്റകൃത്യത്തിനു മുൻപ് നടത്തിയ തയ്യാറെടുപ്പുകളുടെയും ആയുധപരിശീലനത്തിന്റെയും ദൃശ്യങ്ങൾ പ്രതികൾ തന്നെ സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സൂക്ഷിച്ചത് തെളിയിക്കുന്നതിനായി തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറി ഡയറക്ടർ ഡോ: സുനിൽ കുമാർ, സയന്റിഫിക് വിദഗ്ദ്ധരായ അന്നമ്മ ജോൺ, ഉണ്ണികൃഷ്ണൻ, ഹാന്റ് റൈറ്റിങ് എക്‌സ്പർട്ട് ലാലി, വിരലടയാള വിദഗ്ദ്ധരായ ഡോ.ഫ്രാൻസിസ് ചാക്കോ, മുകുന്ദനുണ്ണി, 19 ആം പ്രതി പാറമ്മൽ അഹമ്മദ് കുട്ടിയുടെ ശബ്ദം രേഖപ്പെടുത്തിയ ആകാശവാണി ഉദ്യോഗസ്ഥരായ ബാലകൃഷ്ണൻ, ഷജീർ, പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജൻ ഡോ: സുജിത് ശ്രീനിവാസ് എന്നിവരും മറ്റു സ്വതന്ത്ര സാക്ഷികളുമടക്കം 275 പേരെ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും സാക്ഷികളായി വിസ്തരിച്ചു. പ്രതിഭാഗത്തു നിന്നും ഒരാൾ മാത്രമാണ് സാക്ഷിയായി വിസ്തരിക്കപ്പെട്ടത്.

പ്രതികൾ കുറ്റകൃത്യത്തിനുപയോഗിച്ച വിവിധ ആയുധങ്ങളും വാഹനങ്ങളും വസ്ത്രങ്ങളുമടക്കം 83 തൊണ്ടി മുതലുകളും പ്രതികളുടെ ഫോൺ കോളുകളുടെ രേഖകളും പ്രതികൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളുമുൾപ്പെടെ1800 രേഖകളും ഹാജരാക്കി. 2010 ജനുവരി 5ാം തീയ്യതി കുനിയിൽ അങ്ങാടിയിൽ വച്ച് രണ്ട് ഫുട്‌ബോൾ ക്ലബ്ബുകൾ തമ്മിലുണ്ടായ തർക്കത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും മുസ്ലിം യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന കുറുവങ്ങാടൻ അത്തീഖ് റഹ്‌മാൻ കൊല്ലപ്പെടുകയും ലീഗ് പ്രവർത്തകനായ മുജീബ് റഹ്‌മാന് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

അതേ തുടർന്ന് അത്തീഖ് റഹ്‌മാന്റെ സഹോദരന്മാരും സുഹൃത്തുക്കളും യൂത്ത് ലീഗ് പ്രവർത്തകരും സംഘം ചേർന്ന് ഗൂഢാലോചന നടത്തിയതായും കണ്ടെത്തിയിരുന്നു. പരിശീലനം നടത്തി ആയുധങ്ങൾ ശേഖരിച്ച് 2012 ജൂൺ മാസം പത്തിന് വൈകീട്ട് ഏഴര മണിക്ക് അരീക്കോട് കുനിയിൽ അങ്ങാടിയിൽ ആദ്യ ഏഴ് പ്രതികൾ കൊളക്കാടൻ അബ്ദുൾ കലാം ആസാദിനെയും 8 മുതൽ 11 വരെയുള്ള പ്രതികൾ കൊളക്കാടൻ അബൂബക്കറിനെയും മുഖം മൂടിയിട്ടു വന്ന് കൊടുവാൾ, വടിവാൾ തുടങ്ങിയ ആയുധങ്ങളു പയോഗിച്ച് വെട്ടി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. കുറുവങ്ങാടൻ മുക്താർ, റാഷിദ്, റഷീദ് എന്ന സുഡാനി റഷീദ, ചോലയിൽ ഉമ്മർ, മുഹമ്മദ് ഷെറീഫ് എന്ന ചെറി, കുറു മാടൻ അബ്ദുൾ അലി, ഫദലുറഹ്‌മാൻ, മുഹമ്മദ് ഫത്തീൻ, മധുരക്കുഴിയൻ മഹ്‌സും, സാനിസ് എന്ന ചെറു മണി, ഷബീർ എന്ന ഇണ്ണികുട്ടൻ, അനസ് മോൻ, നിയാസ്, നവാസ് ഷെറീഫ്, കോലോത്തും തൊടി മുജീബ് റഹ്‌മാൻ, കുറുവങ്ങാടർ ഷറഫുദ്ദീൻ, അബ്ദുൾ സബൂർ കോട്ട, സഫറുള്ള, പാറമ്മൽ അഹമ്മദ് കുട്ടി, യാസിർ, റിയാസ്, ഫിറോസ് ഖാൻ എന്നിവരാണ് പ്രതികൾ. 15ാം പ്രതിയായ മുജീബ് റഹ്‌മാനും 17ാം പ്രതിയായ അബ്ദുൾ സബൂർ കോട്ടയും ഗൂഢാലോചനയ്ക്കും ആസൂത്രണത്തിനും ശേഷം സംഭവത്തിനു തൊട്ടു മുൻപായി വിദേശത്തേക്ക് കടന്നു കളയുകയും പിന്നീട് പ്രത്യേക അന്വേഷണ സംഘം ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

ഫിറോസ് ഖാനെ മാപ്പുസാക്ഷിയാക്കിയിരുന്നുവെങ്കിലും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും പ്രതിയാക്കുകയായിരുന്നു. ഇയാൾ ഒഴികെയുള്ള 21 പ്രതികളാണ് വിചാരണ നേരിട്ടത്. കേസിനാസ്പദമായ സംഭവത്തിൽ ഏറനാട് എംഎൽ എ പികെ ബഷീറിന്റെ പങ്കിനെ സംബന്ധിച്ച് നിയമസഭക്കകത്തും പുറത്തുമായി വലിയ രാഷ്ട്രീയ വിവാദങ്ങൾ അരങ്ങേറിയിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കൃഷ്ണൻ നമ്പൂതിരി, അഡ്വ. എൻ ഡി രജീഷ് പാലക്കാട് എന്നിവരും പ്രതികൾക്കായി അഡ്വ. സി കെ ശ്രീധരൻ, അഡ്വ. എം പി ലത്തീഫ് എന്നിവരും ഹാജരായി.

(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)