പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തീരുമാനമെടുത്തതെന്ന് പറമ്പിക്കുളം നിവാസികൾ ആരോപിക്കുന്നു. സമിതി ശാന്തൻപാറ, ചിന്നക്കനാൽ നിവാസികളുടെ ആവലാതികൾ മാത്രമാണ് പരിഗണിച്ചതെന്നും പറമ്പിക്കുളത്തെ നാട്ടുകാർ പരാതിപ്പെടുന്നു. മുതലമട പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. അതേസമയം, അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തെക്ക് മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

വിദഗ്ദ്ധ സമിതി, കോടതി എന്നിവരുടെ യുക്തി സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. ഞാനും ഒരു സാധാരണക്കാരൻ ആണ് എനിക്കും മനസ്സിലായിട്ടില്ല എന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി സർക്കാരിനോട് അഭിപ്രായം ചോദിച്ചാൽ അപ്പോൾ നിലപാട് വ്യക്തമാക്കും.സാറ്റലൈറ്റ് റേഡിയോ കോളർ ലഭ്യമാണോ എന്നു പോലും ഉറപ്പില്ല. കോടതി അത് പരിശോധിച്ചിട്ടില്ല. എന്തായാലും റേഡിയോ കോളർ ഉടൻ എത്തില്ല എന്നും മന്ത്രി വ്യക്തമാക്കി.