- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി; രണ്ടാം ഗഡു ശമ്പളവും മുടങ്ങിയ പെൻഷനും വിഷുവിന് മുൻപില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള ബാക്കിയും പെൻഷനും വഷുവിന് മുൻപില്ല. രണ്ടു കാര്യത്തിലും ഇന്നലെ രാത്രിയും ധനവകുപ്പ് തീരുമാനമെടുത്തില്ല. ഇതോടെ വിഷുവിന് മുൻപ് ജീവനക്കാർക്ക് ശമ്പള ബാക്കി ലഭിക്കില്ലെന്ന് ഉറപ്പായി. രണ്ടാം ഗഡു ശമ്പളവും പെൻഷൻകാർക്ക് മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷനുമാണ് ലഭിക്കാനുള്ളത്. ശമ്പളത്തിന്റെ രണ്ടാം ഗഡു നൽകാൻ 50 കോടി രൂപ ആവശ്യപ്പെട്ട് ഗതാഗത വകുപ്പിൽ നിന്നു ഫയൽ പോയെങ്കിലും ധനവകുപ്പ് അനുമതിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ല. ഇതാണ് ജീവനക്കാർക്ക് തിരിച്ചടിയായത്.
ആദ്യ ഗഡുവായി പകുതി ശമ്പളമാണ് ജീവനക്കാർക്ക് ലഭിച്ചത്. ഇതുതന്നെ വിവിധ വായ്പകളും കടകളിലെ പതിവു കടങ്ങളും തീർക്കാൻ പോലും തികഞ്ഞില്ലെന്നാണ് ജീവനക്കാരുടെ പരാതി. രണ്ടാം ഗഡു ശമ്പളം തിങ്കളാഴ്ചയ്ക്കു ശേഷം വിതരണം ചെയ്യാനാകുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് നൽകുന്ന സൂചന. ഇന്നലെ ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ 18ന് മുൻപ് പെൻഷൻ നൽകാമെന്ന് ചീഫ് സെക്രട്ടറിയും സർക്കാരും ഉറപ്പു പറഞ്ഞു. ഈ ആവശ്യത്തിന് 140 കോടി രൂപ നൽകാൻ സർക്കാർ തീരുമാനിച്ചുവെന്നും അറിയിച്ചു. പക്ഷേ, വിഷുവിനു മുൻപ് പെൻഷൻ ലഭിക്കില്ല എന്നതാണു സ്ഥിതി.
ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ ചീഫ് ഓഫിസിൽ ഉപരോധം നടത്തിയ ബിഎംഎസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. 2 മാസത്തെ പെൻഷൻ കിട്ടാതായതോടെ മരുന്നിനും പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് പെൻഷൻകാർ. രണ്ട് മാസമായി പെൻഷൻ മുടങ്ങിയ സാഹചര്യത്തിൽ തിരുവനന്തപുരം വക്കം സ്വദേശി കെ.അശോക് കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
കോടതി നിർദേശിച്ച പ്രകാരം ചീഫ് സെക്രട്ടറി വി.പി.ജോയ്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ ഓൺലൈനിൽ ഹാജരായി. 18നുള്ളിൽ കുടിശിക തീർക്കുമെന്ന ഉറപ്പ് രേഖപ്പെടുത്തിയ കോടതി കേസ് മെയ് 22ലേക്കു മാറ്റി. ഇതിനിടെ, ചീഫ് സെക്രട്ടറി വാദങ്ങൾക്കു മുതിർന്നതിൽ കോടതി അതൃപ്തി അറിയിച്ചു.