മലപ്പുറം: ലോറി ബൈക്കിലും ഇലക്ട്രിക്പോസ്റ്റിലും ഇടിച്ച് തീപ്പിടിത്തമുണ്ടായി ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസ് (25) ആണ് മരിച്ചത്. താനൂർ സ്‌കൂൾപടിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരു വാഹങ്ങൾക്കും തീ പിടിച്ചു.

താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽനിന്ന് നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ലോറിക്കടിയിൽപ്പെട്ടു. തൊട്ടുപിന്നാലെ സമീപത്തെ വൈദ്യുതിപോസ്റ്റിലും ലോറിയിടിച്ചു. ഇതോടെ ലോറിക്കടിയിൽപ്പെട്ട ബൈക്കിന് തീപ്പിടിക്കുകയും ബൈക്ക് യാത്രികൻ വെന്തുമരിക്കുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരും താനൂർ അഗ്‌നിരക്ഷാസേന അംഗങ്ങളും ചേർന്നാണ് തീയണച്ചത്. ഒരുകിലോമീറ്ററിനുള്ളിൽ തന്നെ അഗ്‌നിരക്ഷാനിലയമുള്ളതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലായി. ലോറിയുടെ ഡീസൽടാങ്കിലേക്ക് തീ പടരുന്നതിന് മുൻപേ തീയണക്കുകയും ചെയ്തു. എന്നാൽ ഇതിനകം നവാസിന് മാരകമായി പൊള്ളലേൽക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു.