- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളുടെ ആർപ്പുവിളിയും ചിത്രം പകർത്തലും അരിക്കൊമ്പനെയും പ്രകോപിതനാക്കുന്നു; ചിന്നക്കനാൽ സിമന്റ് പാലത്തു നിന്നും കുങ്കി ആനകളെ മാറ്റും; അടുത്ത താവളം അരാക്കൊമ്പന്റെ വിഹാരകേന്ദ്രമായ 301 സെന്റ് കോളനി
ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാൻ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം് മാറ്റും. ആൾക്കൂട്ടം കുങ്കിയാനകളെ പ്രകോപിതരാകുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്‌നമായി മാറുന്നുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇവയെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ആർപ്പുവിളിയും ചിത്രം പകർത്തലും അരിക്കൊമ്പനെയും പ്രകോപിതനാക്കുന്നുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. ആനപ്രേമികളുടെ തടസ ഹർജിയുടെ ആവശ്യമില്ലായിരുന്നുവെന്നും അവർ സ്വീകരിക്കുന്നത് ഏകപക്ഷീയമായ നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു വശത്ത് ജനം മറുവശത്ത് വന്യജീവികൾ ഇടയിൽ സമരക്കാർ. ഈ വിഷയത്തിൽ പ്രയോഗിക പരിഹാരമാണ് വേണ്ടതെന്നും കോടതി ഉത്തരവ് ഉണ്ടായ വിഷയത്തിൽ മേൽക്കോടതിയെ സമീപിക്കുകയെന്നതല്ലാതെ എന്താണ് പോംവഴിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളെ ബലം പ്രയോഗിച്ച് മാറ്റുന്നത് ഒരു ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചിന്നക്കനാൽ സിമന്റ് പാലത്തു നിന്നും കുങ്കി ആനകളെ മാറ്റുമെന്ന് വനംവകുപ്പും അറിയിച്ചു. അടുത്ത താവളം അരാക്കൊമ്പന്റെ വിഹാരകേന്ദ്രമായ 301 സെന്റ് കോളനിയാണ്. സന്ദർശകരെ ഒഴിവാക്കാൻ കർശന നടപടിയെന്നും ദേവികുളം ഫോറസ്റ്റ് റെയിഞ്ചോഫീസർ വിശദീകരിച്ചു. സിമന്റുപാലത്ത് പാതയോരത്തായിരുന്നു കുങ്കി ആനകൾക്ക് താവളം ഒരുക്കിയിരുന്നത്.ഇതുമൂലം ആനകളെ കാണാൻ വിനോദസഞ്ചാരികൾ കൂട്ടത്തോടെ എത്തിയിരുന്നു.മൂന്നാർ മേഖലയിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ ഗണ്യമായി സിമന്റുപാലത്തേയ്ക്ക് എത്തി തുടങ്ങിയതോടെയാണ് ആനത്താവളം ഇവിടെ നിന്നും മാറ്റാൻ വനംവകുപ്പ് അധികൃതർ നിർബന്ധിതരായതെന്നാണ് സൂചന.
ഇന്ന് രാവിലെ 10.30 തോടെ 4 കുങ്കി ആനകളും സിമന്റുപാലത്തുനിന്നും ഒന്നരകിലോമീറ്ററോളം അകലത്തിൽ സ്ഥിതി ചെയ്യുന്ന 301 കോളനി ഭാഗത്തേയ്ക്ക് പുറപ്പെട്ടു.ഇവിടെ റവന്യൂ ഭൂമിയാലാണ് ആനകൾക്ക് താവളം ഒരുക്കിയിട്ടുള്ളത്. സിമന്റുപാലത്ത് ആനത്താവളത്തിന് സമീപം അരിക്കൊമ്പൻ ഉൾപ്പെടുന്ന കാട്ടാനകൂട്ടം തമ്പടിച്ചിരുന്നു.ഒരു ഘട്ടത്തിൽ അരിക്കൊമ്പൻ ആനത്താവളത്തിൽ എത്തുകയും ചെയ്തിരുന്നു.കുങ്കി ആനകൾക്ക് താവളം ഒരുക്കിയിട്ടുള്ള 301 സെന്റ് കോളനി കാട്ടാനകൂട്ടത്തിന്റെ വിഹാര കേന്ദമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അരിക്കൊമ്പൻ ഇവിടുത്തെ നിരവധി വീടുകൾ തകർത്തിട്ടുണ്ട്.ആന ആക്രമണത്തിൽ കോളനി വാസികളായ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുങ്കി ആനപ്പട കോളനിയിലേയ്ക്ക് എത്തുന്നത് എന്തുകൊണ്ടും ആശ്വാസമാണെന്നാണ് പ്രദേശത്തെ താമസിക്കാരിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
കുങ്കി ആനകൾ ഇവിടെ നിൽക്കുമ്പോൾ വനംവകുപ്പ് അധികൃതർ ഇവയെ നീരീക്ഷിക്കാനായിട്ടെങ്കിലും സ്ഥലത്തുണ്ടാവുമെന്നും ആനക്കം ഉണ്ടെന്ന് ബോദധ്യപ്പെട്ടാൽ കാട്ടാകൂട്ടം സമീപത്തുനിന്നും വിട്ടുനിൽക്കുമെന്നുമാണ് ഇക്കൂട്ടരുടെ വിലയിരുത്തൽ. ആന ശല്യം മൂലം പ്രദേശവാസികൾ നേരിടുന്ന പ്രതിസന്ധികൾ ചെറുതല്ല.വീടുതകർത്തും കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചും കാട്ടാനക്കൂട്ടം ഇവിടെ വിഹരിക്കുകയാണ്.ഇവിടുത്തുകാർ വീടുകളിലെ മുറികളിൽ ഉറങ്ങിയിട്ട് വർഷങ്ങളായി.വീടുകളുടെ വാർക്കപ്പുറത്ത് ചെറിയ കുടിലുകൾ നിർമ്മിച്ച് ,ഇതിലാണ് ഇവർ രാത്രി കഴിച്ചുകൂട്ടുന്നത്.നേരം പുലർന്ന് ആനകൾ പരിസര പ്രദേശത്ത് ഇല്ലന്ന് ഉറപ്പിച്ച ശേഷമാണ് ഇവർ താഴെ ഇറങ്ങുന്നത്.
പകരം സ്ഥലവും വീടും കാർഷിക വിളകൾക്ക് നഷ്ടപരിഹാരവും ലഭിച്ചാൽ ഇവിടെ നിന്നും താമസം മാറാൻ ഒരുക്കമാണെന്നാണ് കോളനിവാസികളിൽ ഭൂരിപക്ഷത്തിന്റെയും നിലപാട്.ആന ശല്യം മൂലം താമസക്കാരിൽ വലിയൊരുവിഭാഗം സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് താമസം മാറി.മാറാൻ മറ്റൊരിടം ഇല്ലാത്ത ചുരുക്കം വീട്ടുകാരണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.ഇവരെ അടിയന്തിരമായി പുരധിവസിപ്പിക്കണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം.
മറുനാടന് മലയാളി ലേഖകന്.