ഇടുക്കി: കുട്ടമ്പുഴ ഇളംബ്ലാശേരിക്കുടി സ്വദേശിനിയായ 66 കാരി അളകമ്മയുടെ മരണത്തിൽ ദുരൂഹത. വായിൽക്കൂടി രക്തം ഒഴുകിയ നിലയിലാണ് ഇവരുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന രാജാക്കാട് കുത്തുങ്കൽ സ്വദേശി നിരീക്ഷണത്തിലെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് വൈകിട്ട് 4.30 തോടെയാണ് അനക്കമില്ലാത്ത നിലയിലാണ് അളകമ്മയെ ഒപ്പം താമസിച്ചിരുന്ന കുത്തുങ്കൽ മുരിക്കുംകണ്ടത്തിൽ സുരയെന്ന് അറിയപ്പെടുന്ന സുരേന്ദ്രൻ പാറത്തോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

പരിശോധിച്ച ശേഷം ഡോക്ടർ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് പുറപ്പെട്ടു. ഇവിടെ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. കടവായിൽക്കുടി രക്തം ഒഴുകിയ നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.

മൃതദ്ദേഹം മോർച്ചയിലേയ്ക്ക് മാറ്റി. ആശുപത്രി ജീവനക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് ആന്വേഷണം ആരംഭിച്ചു. വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സുര നീരീക്ഷണത്തിലാണെന്നും വെള്ളത്തൂവൽ പൊലീസ് അറയിച്ചു.

വിവാഹിതയായിരുന്ന അളകമ്മ വർഷങ്ങളായി സുരയോടൊപ്പം കുത്തുങ്കലിൽ താമസിച്ചുവരികയായിരുന്നു. 2018-ൽ കുത്തുങ്കലിൽ വാറ്റുകേന്ദ്രം നടത്തിപ്പുമായുണ്ടായ കശപിശയിൽ പ്രദേശവാസി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഇവർ ഇരുവരും പ്രതികളായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പൊലീസ് സുരയെ നിരീക്ഷണത്തിൽ സൂക്ഷിച്ചിട്ടുള്ളതെന്നാണ് സൂചന.