- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരത് എക്സ്പ്രസിൽ ചീറിപ്പായാൻ ബുക്കിങ് ഉടൻ; സർവീസ് 27 ന് ആരംഭിക്കും; ഉദ്ഘാടനത്തോട് അനുബന്ധിച്ച് മറ്റ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം; പ്രധാനമന്ത്രി എത്തുക കർശന സുരക്ഷയിൽ
തിരുവനന്തപുരം: ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ വന്ദേഭാരത് എക്സ്പ്രസിന്റെ യാത്രാ സർവീസ് ആരംഭിക്കും. ഈ മാസം 25 നാണ് വന്ദേഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസമായ 27 ന് യാത്രാ സർവീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ പല ട്രെയിനുകളുടെയും സമയത്തിൽ മാറ്റം ഉണ്ടാകും. കർശന സുരക്ഷാ സംവിധാനം ഉദ്ഘാടനത്തിന് ഏർപ്പെടുത്തും.
മാറ്റങ്ങൾ ഇങ്ങനെ:
തിരുവനന്തപുരം സെട്രലിൽ നിന്നുള്ള ചില സർവ്വീസുകളിലാണ് മാറ്റം. ഏപ്രിൽ 23 മുൽ 25 വരെയാണ് ക്രമീകരണം. മലബാർ, ചെന്നൈ മെയിലുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകൾ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയിൽ നിന്നായിരിക്കും. 24 ന് മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ മാത്രമേ ഉണ്ടാകു. 23 ന് ശബരി എക്സ്പ്രസും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. 24 നും 25 നും കൊല്ലം തിരുവനന്തപുരം എക്സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ ഉണ്ടാകൂ. നാഗർ കോവിൽ കൊച്ചുവേളി 24 നും 25 നും നേമത്ത് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി നാഗർകോവിൽ സർവ്വീസ് നെയ്യാറ്റിൻകരയിൽ നിന്നും ആരംഭിക്കും. വന്ദേഭരത് ഉദ്ഘാനവും മോദിയുടെ സന്ദർശനവും പ്രമാണിച്ചാണ് ഈ മാറ്റം.
അതേസമയം വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കാൻ റെയിൽവേ നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽ നിന്നു ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. വന്ദേഭാരതിനുള്ളിലെ അനൗൺസ്മെന്റ് സന്ദേശങ്ങൾ മലയാളത്തിൽ റെക്കോർഡ് ചെയ്യാനായി ചെന്നൈ ഐസിഎഫിൽ നിന്ന് അയച്ചുകൊടുത്തു. മെട്രോ മാതൃകയിൽ അടുത്ത സ്റ്റേഷൻ സംബന്ധിച്ച അറിയിപ്പുകൾ കോച്ചിനുള്ളിൽ ലഭിക്കും. യാത്രാ സർവീസ് എന്നുമുതൽ ആരംഭിക്കുമെന്ന പ്രഖ്യാപനം വരുന്നതോടെ ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യാം. അന്തിമ വിജ്ഞാപനം വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ട്രെയിൻ ഐആർസിടിസി വെബ്സൈറ്റിൽ ബുക്കിങ്ങിന് ലഭ്യമാകും. വന്ദേഭാരതിൽ മികച്ച ഭക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഐആർസിടിസി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം വേണോ വേണ്ടയോ എന്നു തീരുമാനിക്കാം.
അതേസമയം ഈമാസം 25ന് ആരംഭിക്കുന്ന തിരുവനന്തപുരം കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ നിരവധിപേരുടെ ആവശ്യത്തെ തുടർന്നാണു കാസർകോടുവരെ നീട്ടിയത്. ഇതോടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന സിൽവർലൈൻ വേഗ റെയിൽ പദ്ധതിയുടെ ദൂരമത്രയും വന്ദേഭാരത് യാത്ര സാധ്യമാകും. തുടക്കത്തിൽ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സർവീസ്. ഒരേസമയം തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേഭാരതിന്റെ ആശയത്തെത്തന്നെ ഇല്ലാതാക്കുമെന്നതിനാൽ കൂടുതൽ സ്റ്റോപ് അനുവദിക്കില്ല. പകരം കൂടുതൽ ട്രെയിനുകൾ അനുവദിക്കും.
ട്രെയിനിന്റെ നിരക്കുകൾ വൈകാതെ നിശ്ചയിക്കും. 3 ഘട്ട നവീകരണത്തിലൂടെ വേഗം 160 കിലോമീറ്ററാക്കും. ഇപ്പോൾ 70 - 80 കിലോമീറ്റർ വേഗമുള്ള ഷൊർണൂർകണ്ണൂർ സെക്ഷനാകും ആദ്യഘട്ടം. ഒന്നര വർഷത്തിനകം ഇവിടെ 110 കിലോമീറ്റർ വേഗം കൈവരിക്കാനാകുംവിധം നവീകരിക്കും. ഇതിനു 381 കോടി രൂപ നീക്കിവച്ചു. സ്ഥലം ഏറ്റെടുത്തു വളവുകൾ നിവർത്തുന്ന രണ്ടാം ഘട്ടത്തിനു 34 വർഷമെടുക്കും. ഇതോടെ വേഗം 130 കിലോമീറ്ററാകും. ഏതാനും മാസങ്ങൾക്കകം വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കും. റൂട്ടിൽ പൂർണമായി 160 കിലോമീറ്റർ വേഗം ലക്ഷ്യമിടുന്ന മൂന്നാം ഘട്ടത്തിനായുള്ള സർവേയും ഡിപിആറും 7 മാസത്തിനകം തയാറാകും.