മലപ്പുറം: താലിമാല പണിയാൻ യാത്രക്കാരിയുടെ മാല കവർന്ന യുവാവ് നാട്ടുകാരുടെ അവസരോചിത ഇടപെടലിൽ പിടിയിലായി. ചമ്രവട്ടത്താണ് സംഭവം. മാല കവർന്നതിന് പിന്നാലെ നാട്ടുകാർ യുവാവിനെ പിടികൂടുകയായിരുന്നു. സ്വർണ്ണമെന്ന് കരുതി യുവാവ് കവർന്നത് മുക്കുപണ്ടം.

മംഗലം കാവഞ്ചേരി കാട്ടിപ്പറമ്പിൽ സിനീഷാണ് അറസ്റ്റിലായത്. ചമ്രവട്ടത്ത് ബസ് കാത്ത് നിന്ന യുവതിയുടെ മാല ബൈക്കിലെത്തി കവരുകയായിരുന്നു. മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.പുറത്തൂർ സ്വദേശിനിയുടെ മാലയാണ് സിനീഷ് പൊട്ടിച്ചെടുത്തത്. മകനൊപ്പം മാറഞ്ചേരിയിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു യുവതി.

ബൈക്കിൽ യുവതിയുടെ സമീപമെത്തിയ സിനീഷ് നൊടിയിടയിൽ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി സിനീഷിനെ പിടികൂടി. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. താലിമാല പണിയാൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്ന് സിനീഷ് പൊലീസിനോട് പറഞ്ഞു. കഴുത്തിലുണ്ടായിരുന്നത് മുക്കു പണ്ടമാണെന്ന് യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.