- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഅ്ദനിയുടെ യാത്രക്ക് 60 ലക്ഷം രൂപ അകമ്പടിച്ചെലവെന്ന് കർണാടക പൊലീസിന്റെ കത്ത്; കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ
ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ കേരള യാത്രക്ക് 60 ലക്ഷം രൂപ അകമ്പടി ചെലവ് ചുമത്തിയ കർണാടക പൊലീസിന്റെ ഇടപെടൽ വിവാദത്തിൽ. 20 പൊലിസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും.
ഇതോടെ സുപ്രീംകോടതിയിൽ നിന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി. 82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മദനിയെ അനുഗമിക്കുന്നത്. ഇവർക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേർത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചത്. ഇത്രയും തുക നൽകാൻ നിലവിൽ നിർവാഹമില്ലെന്ന് മദനിയുടെ കുടുംബം പറയുന്നത്. തുടർ നടപടികൾ എങ്ങനെ വേണമെന്ന കാര്യം സുപ്രീംകോടതി അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടികൾ ആലോചിച്ച് വരുന്നതായും മദനിയുടെ കുടുംബം അറിയിച്ചു.
താമസിക്കുന്ന സ്ഥലം, കാണാൻ വരുന്നവരുടെ ആധാർ കാർഡ്, അൻവാർശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടത്. ആശുപത്രിയിൽ പോകാൻ പറ്റില്ല, റോഡ് മാർഗം മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ തുടങ്ങിയ നിബന്ധനകളും പൊലീസ് പറഞ്ഞിരുന്നുവെന്ന് മഅദ്നി ശബ്ദ സന്ദേശത്തിൽ പറഞ്ഞു.
ഒരാഴ്ചക്ക് ശേഷമാണ് അകമ്പടി അപേക്ഷയിൽ പൊലീസ് മറുപടി നൽകിയിരിക്കുന്നത്. അതേസമയം വൻ തുക അടച്ച് കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടിലാണ് മഅ്ദനി. തുടർനീക്കം സുപ്രിംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കും. ഏപ്രിൽ 20-ന് കർണാടക പൊലീസ് മഅ്ദനിയുടെ വീട്ടിലും അൻവാർശേരിയിലും പരിശോധന നടത്തിയിരുന്നു. മഅ്ദനി കേരളത്തിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന.
ബംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ യതീഷ് ചന്ദ്ര,ആന്റി ടെററിസ്റ്റ് സെൽ എ.സി.പി അമിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മഅ്ദനിയുടെ കുടുംബവീടായ മൈനാഗപ്പള്ളി തോട്ടുവാൽ വീട്,അദ്ധ്യാത്മിക രാഷ്ട്രീയ കേന്ദ്രമായ അൻവാർശേരി എന്നിവിടങ്ങൾക്ക് പുറമേ എറണാകുളം കല്ലൂരിലുള്ള വീട്ടിലും പരിശോധന നടത്തിയത്. മൈനാഗപ്പള്ളിയിൽ വച്ച് കർണാടക പൊലീസ് സംഘം ശാസ്താംകോട്ട ഡിവൈ.എസ്പിയുമായും ആശയവിനിമയം നടത്തിയിരുന്നു.
ചികിത്സയടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ നാസർ മദനി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണാൻ അനുവദിക്കണമെന്നും മദനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മദനിയുടെ അപേക്ഷയെ കർണാടക സർക്കാർ ശക്തമായി എതിർത്തു. വ്യവസ്ഥയിൽ ഇളവ് നൽകിയാൽ മദനി ഒളിവിൽ പോകുമെന്നായിരുന്നു സർക്കാരിന്റെ വാദം.
പക്ഷേ, മദനി ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്നും ഇളവ് അനുവദിച്ചാൽ ഏങ്ങോട്ടും ഓടിപ്പോകില്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവർ വാദിച്ചു. തുടർന്നാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയത്. കർണാടക പൊലീസിന്റെ നിരീക്ഷണത്തിൽ കേരളത്തിൽ കഴിയാനാണ് മഅദനിക്ക് അനുമതിയുള്ളത്.
മറുനാടന് മലയാളി ബ്യൂറോ