മലപ്പുറം: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 50ഓളം വഞ്ചനാ കേസിലുൾപ്പെട്ട പ്രതി എ.വി.സജിത്തിനെ (43) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. 2015ൽ സജിത്ത് കറുപുകപുത്തൂർ കുറീസ് എന്ന പേരിൽ പെരിന്തൽമണ്ണയിലെ ഊട്ടി റോഡിൽ സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിനെതിരെ നിക്ഷേപകർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പ്രതി വിദേശത്തേക്ക് കടക്കുകയും ഒമ്പത് വർഷം വിദേശത്ത് താമസിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം സജിത്ത് വിദേശത്ത് നിന്ന് തിരുവനന്തപുരം എയർപോർട്ട് വഴി നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സജിത്തിന് കേരളത്തിലുടനീളം വിവിധ പൊലീസ് സ്റ്റേഷനുകളിലായി 50ഓളം വഞ്ചനാ കേസുകളും വധശ്രമ കേസും നിലവിലുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പെരിന്തൽമണ്ണ സിഐ.അലവി, എസ്‌ഐ യാസിർ, എസ്.സി.പി.ഒ സക്കീർ പാറക്കടവൻ, സി.പി.ഒമാരായ ഷാലു, കൃഷ്ണ പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.