തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രധാന തെളിവുകളിൽ പലതും ആദ്യത്തെ അന്വേഷണ സംഘം നഷ്ടപ്പെടുത്തിയിരുന്നു. ആശ്രമത്തിൽ ഒന്നാം പ്രതി പ്രകാശനും മൂന്നാം പ്രതി ശബരിയും ചേർന്നു സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന റീത്തിൽ 'ഷിബുവിന് ആദരാഞ്ജലികൾ' എന്ന് എഴുതിയിരുന്നു. തെളിവായി സമർപ്പിച്ച ആ റീത്ത് കോടതി പൊലീസിനു കൈമാറിയിരുന്നു. അതിൽ എഴുതിയിരുന്ന ഭാഗം മാത്രം സൂക്ഷിക്കുകയും ബാക്കി ഫോട്ടോ എടുത്ത ശേഷം കോടതിയുടെ അനുമതിയോടെ നശിപ്പിക്കേണ്ടതുമായിരുന്നു. എന്നാൽ റീത്തും അതിൽ എഴുതിയിരുന്ന കടലാസും നഷ്ടമായിരുന്നു. കൈയക്ഷരം ഉപയോഗിച്ചു പ്രതിയെ കണ്ടെത്താനുള്ള തെളിവ് ഇതോടെ നഷ്ടപ്പെടുകയും ചെയ്തു.

അതേസമയം കേസ് തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പ്രതികൾ ഉണ്ടായിരുന്ന ടവർ ലൊക്കേഷനുകളിലെ വിവരം ശേഖരിക്കുന്ന പതിവുണ്ട. പ്രതികളെപ്പറ്റി സൂചനയുണ്ടെങ്കിൽ അവരുടെ മാത്രം ഫോൺ വിവരങ്ങൾ ശേഖരിക്കും. ഇല്ലെങ്കിൽ ആ ടവർ ലൊക്കേഷനുകളിലെ മുഴുവൻ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഈ കേസിൽ ഒന്നിലധികം സേവന ദാതാക്കളിൽ നിന്നു ഈ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. എന്നാൽ ആ വിവര ശേഖരം ഇപ്പോൾ കാണാനില്ല. ബോധപൂർവം മാറ്റിയതാണോ, കാണാതായതാണോ എന്ന് അറിയുകയുമില്ല.

കൂടാതെ ആശ്രമം കത്തിച്ചവർ സഞ്ചരിച്ചുവെന്നു കരുതുന്ന ബൈക്ക് ആശ്രമത്തിലേക്കു കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യം ആദ്യത്തെ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അത് എവിടെയെന്ന് ഇപ്പോഴും അറിയില്ല. ഇവയാണ് ആദ്യ് അന്വേഷണ സംഘം നഷ്ടപ്പെടുത്തിയ പ്രാധ്ന തെളിവുകൾ.

നിലവിൽ കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് പൊളിച്ചുവിറ്റുവെന്നു കണ്ടെത്താനായത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു നിർണായകമായത്. 2011ൽ പുറത്തിറക്കിയ 220 സിസി ബൈക്ക് ആണ് ആശ്രമം കത്തിച്ച സംഘം സഞ്ചരിക്കാൻ ഉപയോഗിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഈ ബൈക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ വട്ടിയൂർക്കാവ് സ്വദേശിക്ക് ഈ ബൈക്ക് പൊളിച്ചു വിൽക്കാൻ നൽകിയതായി കണ്ടെത്തി. വെറും 2500 രൂപയ്ക്കാണ് ബൈക്ക് വാങ്ങിയതെന്ന് കടയുടമ അന്വേഷണ സംഘത്തിനു മൊഴിയും നൽകിയിട്ടുണ്ട്.

ശബരിമല യുവതി പ്രവേശന വിവാദം കത്തിനിൽക്കവേയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾക്ക് തീയിട്ട സംഭവമുണ്ടായത്. കേസിൽ ആദ്യം അന്വേഷിച്ച സംഘത്തിന്റെ പക്കൽ നിന്ന് പ്രധാന തെളിവുകൾ നഷ്ടപ്പെട്ടിരുന്നു എന്ന കണ്ടെത്തൽ ഏറെ വിവാദമായിരുന്നു.

പ്രതികൾ ആശ്രമത്തിന് നേരെ ആക്രമണം നടത്തിയ സമയത്ത് സന്ദീപാനന്ദഗിരിക്കെതിരെ വധഭീഷണി ഉയർത്തുന്ന തരത്തിൽ റീത്ത് വെച്ചിരുന്നു. ഇതിലെ കയ്യെഴുത്ത് രേഖ തെളിവായി എടുത്തിരുന്നെങ്കിലും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ സമയത്ത് നഷ്ടപ്പെട്ടു. മഹസ്സറിൽ രേഖപ്പെടുത്തിയ തെളിവ് ഇപ്പോൾ കേസ് ഫയലിനൊപ്പമില്ല എന്നാണ് വിവരം.