കൊച്ചി: അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ദൗത്യസംഘത്തിലെ ഓരോ അംഗത്തെയും പേരെടുത്ത് അഭിനന്ദിച്ച് ഹൈക്കോടതി. ദൗത്യം രാജ്യത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന അനുമോദനത്തോടെ ഹൈക്കോടതി ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാരാണ് കത്തയച്ചത്. കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ ദൗത്യസംഘത്തിലെ മുഴുവൻ ആളുകളുടെയും പേര് എടുത്തുപറഞ്ഞാണ് അഭിനന്ദനക്കത്ത്.

ഒരു കാട്ടാനയെ ജീവിതകാലം മുഴുവൻ ബന്ധനത്തിൽവെക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്തി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിടാൻ കഴിഞ്ഞത് സംസ്ഥാനത്തിനും രാജ്യത്തിനാകെയും അഭിമാനകരമായ നേട്ടമാണെന്ന് കത്തിൽ പറയുന്നു. ദൗത്യത്തിലുടനീളം വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റും ആനയോട് കാണിച്ച കരുതലും സഹാനുഭൂതിയും മാനവികതയുടെ അടയാളമാണെന്നും കത്തിൽ ജസ്റ്റിസ് വ്യക്തമാക്കി.

ഭൂമിയിലെ മറ്റു ജീവികളുടെ താൽപ്പര്യങ്ങളെ കൂടി അനുഭാവപൂർവം പരിഗണിച്ച് വൈവിധ്യമാർന്ന ആവാസവ്യവസ്ഥയിൽ മനുഷ്യ നിയന്ത്രണം സാധ്യമാണെന്ന് ലോകത്തിനാകെ കാണിച്ചുകൊടുക്കാൻ ദൗത്യത്തിലൂടെ സാധിച്ചുവെന്നും കത്തിൽ പറയുന്നു. ദൗത്യസംഘത്തിന്റെ പ്രവർത്തനം വനംവകുപ്പിലെ വരുന്ന തലമുറയും മാതൃകയാക്കേണ്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.