മലപ്പുറം: മൈസൂരിലേക്ക് വിനോദയാത്ര പോയ മലപ്പുറത്തെ അഞ്ചംഗ സംഘത്തെ ഗുണ്ടാ സംഘം ബന്ദികളാക്കി. സ്ത്രീകൾ ഉൾപ്പെടെയുള്ള മയക്കുമരുന്ന് മാഫിയാസംഘത്തിന്റെ കയ്യിലാണ് അഞ്ചംഗ സംഘം ചെന്ന് പെട്ടത്. താമസസ്ഥലവും ഭക്ഷണവും ഏർപ്പാടാക്കാമെന്ന വാഗ്ദാനവുമായി ഒരു ഓട്ടോ ഡ്രൈവർ ചതിയിൽ പെടുത്തിയെന്ന് ഇരകൾ.

അവസാനം ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽവച്ച വിനോദയാത്ര സംഘം നാട്ടിൽ സുരക്ഷിതമായി തിരിച്ചെത്തി. മൈസൂരിലേക്ക് വിനോദയാത്ര പോയ പള്ളിശേരിയിലെ അഞ്ചംഗ സംഘത്തിന് കാളികാവ് പൊലീസും ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരുടേയും ഇടപെടലിലാണ് സുരക്ഷിതമായി തിരിച്ചെത്താൻ സാധിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അഞ്ചംഗസംഘം മൈസൂരിലേക്ക് വിനോദയാത്ര പോയത്. കാളികാവ് പള്ളിശ്ശേരി സ്വദേശികളായ പി കെ ഷറഫുദ്ദീൻ, പുലിവെട്ടി സക്കീർ, ചെറിയാലത്ത് ഷറഫുദ്ദീൻ, ടി ലബീബ് , പി കെ ഫാസിൽ എന്നിവരാണ് വിനോദയാത്ര പോയി മൈസൂർ എസ് എസ് നഗറിൽ ബന്ദികളാക്കപ്പെട്ടത്.

സ്ത്രീകൾ ഉൾപ്പെടെയുള്ള മയക്കുമരുന്ന് മാഫിയാസംഘത്തിന്റെ കയ്യിലാണ് അഞ്ചംഗ സംഘം ചെന്ന് പെട്ടത്. താമസസ്ഥലവും ഭക്ഷണവും ഏർപ്പാടാക്കാമെന്ന വാഗ്ദാനവുമായി ഒരു ഓട്ടോ ഡ്രൈവർ ചതിയിൽ പെടുത്തിയെന്നാണ് ഇവർ പറയുന്നത്. മൈസൂരിലെ എസ് എസ് നഗർ എന്ന സ്ഥലത്ത് ഒരു വാടക ക്വാട്ടേഴ്സിൽ ഇവരെ താമസിപ്പിക്കുകയും പുറത്തുനിന്ന് വാതിൽപൂട്ടി ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെയുള്ളവർ സ്ഥലം വിട്ടെന്നും പിന്നീട് സ്ത്രീകൾ ഉൾപ്പെടെയുള്ള ഒമ്പതാംഗ സംഘമെത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ഇവർ പറയുന്നു.

പിന്നീട് ഒരു വാഹനത്തിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവുകയും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവത്രെ. രണ്ടര ലക്ഷത്തോളം രൂപയും ഇവരുടെ മൊബൈൽ ഫോണുകളും സംഘം തട്ടിയെടുക്കുകയും നാട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം അക്കൗണ്ടിലേക്ക് അയപ്പിച്ച് അവിടെ നിന്നും ഗുണ്ടാ സംഘത്തിന്റെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്തതായും ഇവർ പറയുന്നു.

ഇതിനിടെ കാളികാവ് എസ് ഐ വി ശശിധരൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും, അവർ കർണാടക പൊലീസുമായി ബന്ധപ്പെടുകയും സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പ്രതികളെ പിടികൂടുകയും ചെയ്തു. വിനോദയാത്ര സംഘത്തിന് ഇന്നു പുലർച്ചയോടെ നാട്ടിൽ തിരിച്ചെത്താനായി. മൈസൂർ പാലസിനു സമീപത്തെ എൻ ആർ പൊലീസ് സ്റ്റേഷനിലാണ് കേസ് നിലവിലുള്ളത്.