ഇടുക്കി: കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഒഴുകിയെത്തിയ ആയിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തിൽ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമി ഉത്സവം ആഘോഷിച്ചു.

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പൗരാണിക കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ആളുകൾക്ക് പ്രവേശനമുള്ളത്. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗർണ്ണമി അഥവാ ചിത്രാപൗർണ്ണമി ദിനമായ വെള്ളിയാഴ്ച കേരള, തമിഴ്‌നാട് സർക്കാറുകൾ സംയുക്തമായാണ് ഉത്സവം നടത്തിയത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഒരേസമയം കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകൾ നടന്നു.

അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകൾ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാർവ്വതീ സങ്കൽപത്തിലുള്ള പെരുമാൾ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്.

തന്ത്രി സൂര്യകാലടി സൂര്യൻ ജയസൂര്യ ഭട്ടതിരിപ്പാട്, മേൽശാന്തി ദിലീപ്കുമാർ വള്ളിയങ്കാവ് എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളിൽ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ നടന്നു.
തൊട്ടടുത്തുള്ള ശ്രീകോവിലിൽ തമിഴ്‌നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്.

ഈ ശ്രീകോവിലിനോടു ചേർന്നു തന്നെ രാജരാജ ചോളൻ നിർമ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ പ്രത്യേകതയാണ്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള - തമിഴ്‌നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതർ സംയുക്തമായാണ് ചിത്രാപൗർണ്ണമി ഉത്സവം നടത്തിയത്.

കുമളിയിൽ നിന്നും വനത്തിനുള്ളിലൂടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ് വിശ്വാസികൾ ക്ഷേത്രത്തിലെത്തിയത്. ഭക്തജനങ്ങൾക്കായി കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം, പ്രത്യേക പാസ് നല്കി വാഹന സൗകര്യം എന്നിവ ഏർപ്പെടുത്തിയിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം പ്രവേശനമുള്ളതിനാൽ ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിന് എത്തിയത്. കുമളിയിൽ നിന്നും ട്രിപ്പ് ജീപ്പിലാണ് പ്രധാനമായും ഭക്തർ എത്തിയത്. ഇതിന് പുറമേ കാൽനടയായും ധാരാളം ഭക്തർ എത്തിയിരുന്നു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ക്ലിനിക്ക്, ആംബുലൻസ്, ഫയർ ആൻഡ് റെസ്‌ക്യു തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കിയിരുന്നു. ക്ഷേത്രം വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ വന്യ ജീവികളുടെ സ്വൈര്യവിഹാരത്തിന് തടസം ഉണ്ടാക്കാത്ത രീതിയിലാണ് ഭക്തരുടെ പ്രവേശനവും ക്ഷേത്ര ചടങ്ങുകളും സജ്ജീകരിച്ചത്. ച്ച കഴിഞ്ഞ് രണ്ടരയോട് കൂടി കുമളി ബസ് സ്റ്റാൻഡിൽ സജ്ജീകരിച്ച ഒന്നാം ഗേറ്റിൽ നിന്നും ഭക്തർക്ക് കോവിലിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും അനുവദിച്ചില്ല.

ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്, സബ് കളക്ടർ അരുൺ എസ് നായർ, എഡിഎം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടർമാരായ മനോജ് കെ, വി. ആർ ലത, പീരുമേട് തഹസീൽദാർ സണ്ണി ജോർജ്ജ് , വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉത്സവത്തിന്റെ ക്രമീകരണങ്ങളിൽ പങ്കുചേർന്നു.