മലപ്പുറം: കെട്ടിട നിർമ്മാണത്തിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി.എഞ്ചിനീയർ കയ്യോടെ വിജിലൻസിന്റെ പിടിയിലായി. നിലമ്പൂർ നഗരസഭയിലെ അസി.എഞ്ചിനിയർ കൊണ്ടോട്ടി കോടങ്ങാട് സജിത മൻസിൽ വീട്ടിൽ അഫ്‌സലിനെയാണ് നഗരസഭ ഓഫീസിൽ വെച്ച് പിടികൂടിയത്. 5000 രൂപ കൈകൂലി വാങ്ങുന്നതിനിടയിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പിടിക്കപ്പെട്ടത്.

നിലമ്പൂർ റെയിൽവെക്ക് സമീപമുള്ള കൽപറമ്പിൽ കെ.പി.ശിവശങ്കരന്റെ പരാതിയിലാണ് ഇയാൾ പിടിക്കപ്പെട്ടത്. പരാതിക്കാരന്റെ സുഹൃത്തിന്റെ മരുമകന് ഇരുചക്ര വാഹന വർക്ക് ഷോപ്പ് തുടങ്ങാൻ ഷെഡ് നിർമ്മിക്കുന്നതിനുള്ള പെർമിറ്റിന് അനുമതിക്കായാണ് അസി.എഞ്ചിനിയറെ സമീപിച്ചത്.

എന്നാൽ പെർമിറ്റ് നൽകാൻ ഇയാൾ 10,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.5 ,000 രൂപ നൽകിയിട്ടും ലൈസൻസ് ലഭിക്കാതെ വന്നതോടെ വീണ്ടും എഞ്ചിനിയറെ സമീപിച്ചു. 5000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് മലപ്പുറം വിജിലൻസിന് സമീപിച്ചത്. വിജിലൻസ് കൈമാറിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ എഞ്ചിനിയർക്ക് കൈമാറിയ ഉടൻ. മാറി നിന്ന വിജിലൻസ് എത്തി നോട്ടുകൾ പരിശോധിച്ച ശേഷം ഇയാളെ അറസ്റ്റ് ചെയ്തത്.

വിജിലൻസ് ഡിവൈ.എസ്‌പി.ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ല വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ പി.ടി.മുഹമ്മദ് ഹനീഫ, പാണക്കാട് അയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ കെ.ടി. ഡോ.സുബിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വിജിലൻസ് ഇൻസ്‌പെക്ടർമാരായ പി.ജ്യോതിന്ദ്രകുമാർ, ഐ.ഗിരിഷ് കുമാർ, എസ്‌ഐ പി.ആർ.മോഹനകൃഷ്ണൻ, എഎസ്ഐമാരായ സലീം, ടി.ടി.ഹനീഫ, മധുസൂദനൻ, മണികണ്ഠൻ, ഉദ്യോഗസ്ഥരായ ടി.പി.പ്രജിത്ത്, ഇ.എസ്.നിഷ, സന്തോഷ് കൃഷ്ണ, പി.വി. ജിപ്‌സ്, കെ.പി.വിജയകുമാർ, ധനേഷ്, രാജിവ്, സനൽ, രത്‌നകുമാർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.