മലപ്പുറം: മകളെ തേടിയെത്തിയ മാതാപിതാക്കൾക്ക് പൊലീസ് മർദ്ദനം. മുഖ്യമന്ത്രിക്ക് പരാതി നൽകി. മൂന്ന് ദിവസം മുമ്പ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂത്തൂർ പള്ളിക്കലിൽ നിന്നും കാണാതായ 18 കാരിയെ വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിലെ കാമുകനൊപ്പം പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയിരുന്നു. കമിതാക്കളെ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് ഇതര മതസ്ഥരായ രണ്ടു കൂട്ടരുടെയും ബന്ധുക്കൾ കോടതി പരിസരത്ത് എത്തിയിരുന്നു.

കോടതി ഇരുവരുടെയും ഇഷ്ടപ്രകാരം യുവാവിന്റെ കൂടെ യുവതിയെ വിടുകയുമായിരുന്നു. പിന്നീടുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ച കമിതാക്കളെ കാണാനെത്തിയ യുവതിയുടെ ബന്ധുക്കളെ പൊലീസ് അകാരണമായി മർദ്ദിച്ചുവെന്നുമാണ് പരാതി. വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളെ ശരീരത്തിൽ പിടിച്ചു തള്ളിയെന്നും പരാതിയിൽ പറയുന്നു.

ലാത്തികൊണ്ടുള്ള മർദ്ദനത്തിൽ പരിക്കേറ്റ ഷിനോയ് (39),ഷാബിൻ മുഷ്താഖ് (17), സർസീന (38), ആഷിഖ്-(27), സുഹറാബി(48) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്

അതേ സമയം കോടതി നിർദ്ദേശപ്രകാരം കമിതാക്കൾക്ക് സംരക്ഷണം നൽകുക മാത്രമേ പൊലീസ് ചെയ്തിട്ടുള്ളുവെന്ന് പരപ്പനങ്ങാടി പൊലീസ് പറഞ്ഞു. മകളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ തന്നെയും ഭർത്താവിനെയും ലാത്തികൊണ്ട് അടിക്കുകയും മാറിടത്തിൽ അമർത്തി തള്ളി താഴെയിടുകയും വസ്ത്രം കീറുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പരപ്പനങ്ങാടി പൊലീസിനെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മൂന്ന് ദിവസം മുമ്പ് പുത്തൂർ പള്ളിക്കലിൽ നിന്ന് കാണാതായ പെൺകുട്ടിയെ തേടിയെത്തിയ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമാണ് മർദ്ദനമേറ്റത്. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് തേഞ്ഞിപ്പലം പൊലീസിൽ മൂന്നുദിവസം മുമ്പ് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ പൊലീസ് സ്റ്റേഷനിൽ മകളെ കൊണ്ടുവരുന്നുണ്ടെന്ന് അറിഞ്ഞതിനാൽ സ്റ്റേഷനിലെത്തിയ ബന്ധുക്കൾ വൈകീട്ട് വരെ കാത്തിരിന്നിട്ടും എത്തിയില്ല. ഇതേക്കുറിച്ച് അന്വേഷിച്ച ബന്ധുക്കളോട് പൊലീസ് മോശമായി പെരുമാറുകയായിരുന്നു. വൈകീട്ടോടെ പ്രദേശത്തെ സംഘപരിവാർ പ്രവർത്തകരോടൊപ്പമാണ് യുവാവും പെൺകുട്ടിയുമെത്തിയതെന്നും വീട്ടുകാർ പറയുന്നു.

എന്നാൽ, പെൺകുട്ടിയോട് സംസാരിക്കാൻ പോലും അനുവദിക്കാതെ ബന്ധുക്കളെ തടഞ്ഞു. വൈകീട്ട് ആറോടെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി ആദ്യം ബന്ധുക്കൾക്കൊപ്പം പോവാൻ തയ്യാറായെങ്കിലും കോടതി വളപ്പിൽ വച്ച് പെൺകുട്ടിയുടെ കൈപിടിച്ച് വിഷ്ണു ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ ഭയന്ന പെൺകുട്ടി വീണ്ടും മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തി നിലപാട് മാറ്റിയെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

ഇതോടെ ഇരുഭാഗത്ത് നിന്നുമെത്തിയവർ തമ്മിൽ വാക്കുതർക്കമുണ്ടായി. സ്ഥലത്തെത്തിയ തേഞ്ഞിപ്പലം പൊലീസ് തൊട്ടടുത്ത പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെയും യുവതിയെയും എത്തിച്ചു. പൊലീസ് സ്റ്റേഷനിൽ കരഞ്ഞ് നിലവിളിച്ചെത്തിയ മാതാവിനെയും ബന്ധുക്കളെയും പൊലീസ് തടഞ്ഞതായും പരാതിയുണ്ട്. പെൺകുട്ടിയെയും യുവാവിനെയും പുറത്തേക്ക് കൊണ്ടുപോവുന്നതിനിടെ കാണാൻ ശ്രമിച്ച മാതാപിതാക്കളെയും സഹോദരിയേയും ബന്ധുക്കളെയും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ വളപ്പിൽ വച്ചാണ് മർദ്ദിച്ചതെന്നാണ് പരാതി.