- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം നേതാക്കളുടെ നിർബന്ധിത പണപ്പിരിവ്; എതിർത്താൽ മർദനവും വധഭീഷണിയും: ഏലത്തോട്ടം ഉപേക്ഷിച്ച് നാടുവിട്ട് ഉടമകൾ
ഉടുമ്പൻചോല: സിപിഎം നേതാക്കളുടെ നിർബന്ധിത പണപ്പിരിവും ഭീഷണിയും മൂലം ഉടുമ്പൻചോലയിൽ നിന്നും ഏലത്തോട്ടം ഉപേക്ഷിച്ച് ഉടമകൾ നാടുവിടുന്നു. നേതാക്കളുടെ പണപ്പിരിവിനെ ചോദ്യം ചെയ്യുകയോ പരാതിപ്പെടുകയോ ചെയ്താൽ മർദനവം വധഭീഷണിയും വരെ നേരിടേണ്ട അവസ്ഥയിലെത്തിയതോടെയാണ് പലരും നാടുവിടുന്നത്..
ജെ സി പ്ലാന്റേഷൻസ് ഉടമയും കുവൈത്തിൽ വ്യവസായിയുമായ ജേക്കബും ഭാര്യ ജെസിയുമാണു തോട്ടം ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥം സ്വദേശമായ തിരുവനന്തപുരത്തേക്കു മടങ്ങുന്നത്. സംരക്ഷണം തേടി കലക്ടർക്കു പരാതി നൽകിയതിനുശേഷം സിപിഎമ്മിന്റെ ഭാഗത്തുനിന്നു വൈരാഗ്യബുദ്ധിയോടെയുള്ള ഇടപെടലാണ് ഉണ്ടായതെന്നു തോട്ടം ഉടമകൾ പറയുന്നു.
തോട്ടത്തിലെ ജീവനക്കാർക്കു നേരെ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം ആക്രമണം നടന്നിരുന്നു. സംഭവത്തിൽ സിപിഎം ഉടുമ്പൻചോല ലോക്കൽ സെക്രട്ടറി അനീഷ്, ഡിവൈഎഫ്‌ഐ നേതാവ് നിസാം, പാർട്ടി അനുഭാവികളായ മുത്തുരാജ്, പെരുമാൾ, ചെല്ലദുരൈ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ജേക്കബ് കുവൈത്തിൽ വ്യവസായിയാണ്. 2001ലാണു 16 ഏക്കർ ഏലത്തോട്ടം വാങ്ങിയത്. സിഐടിയു യൂണിയനാണു തോട്ടത്തിലുള്ളത്. പിരിവിനും യൂണിയൻ പ്രവർത്തനത്തിനുമായി സിപിഎം നേതാക്കൾ തോട്ടത്തിലേക്കു കയറുന്നത് നാലു മാസം മുൻപു കോടതി വിലക്കിയിരുന്നു. ഒരു ലക്ഷം രൂപ പാർട്ടി ഫണ്ടിലേക്കു നൽകണമെന്നു ശാന്തൻപാറ ഏരിയ കമ്മിറ്റി സെക്രട്ടറി ആവശ്യപ്പെട്ടതിനെതിരെ തോട്ടം ഉടമ കോടതിയെ സമീപിച്ചതാണു പ്രതികാരമായി മാറിയത്.
സിപിഎം ശാന്തൻപാറ ഏരിയ സെക്രട്ടറിയായ എൻ.പി.സുനിൽകുമാർ പാർട്ടി ഫണ്ടിലേക്ക് എന്ന പേരിൽ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണു ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടനിർമ്മാണത്തിനു പണമാവശ്യപ്പെട്ട് ഒരു ലക്ഷം രൂപയുടെ രസീതും നൽകി.
പിരിവിനായി സമ്മർദം ശക്തമായതോടെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വി.എൻ.മോഹനനു പരാതി കൊടുത്തു. തുടർന്ന് 25,000 രൂപ ഗൂഗിൾ പേയിലൂടെ കൈമാറിയെന്നും ഉടമ പറയുന്നു. ഈ പണം തിരിച്ചുകൊടുക്കാൻ പാർട്ടി പിന്നീടു തീരുമാനിച്ചിരുന്നു.