- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത റിപ്പബ്ലിക് ദിനപരേഡിൽ സ്തീകൾ മാത്രം; ചരിത്ര തീരുമാനത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നു
ന്യൂഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് സ്ത്രീകൾ കീഴടക്കും. വരുന്ന റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. സേനയും ഇക്കാര്യം സൂചിപ്പിച്ചു. സേനയിലും മറ്റു മേഖലകളിലും സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കർത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡിലെ മാർച്ച് പാസ്റ്റിലും ബാൻഡ് സംഘത്തിലും നിശ്ചലദൃശ്യങ്ങളിലും സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
ഇതു സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം സായുധ സേനയ്ക്കും പരേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും കത്തയച്ചതായാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സാംസ്കാരിക നഗര വികസന മന്ത്രാലത്തെയും ഇതു സംബന്ധിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരേഡിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്നത് സംബന്ധിച്ച കത്ത് ലഭിച്ചിട്ടുണ്ടെന്നും അതിൽ ചർച്ചകൾ നടന്നുവരികയാണെന്നുമാണ് സേന വൃത്തങ്ങൾ ദേശീയമാധ്യമത്തെ അറിയിച്ചത്.
2015ലാണ് ആദ്യമായി മൂന്നു സേനാ വിഭാഗങ്ങളിൽനിന്നുമുള്ള വനിത വിഭാഗം പരേഡിൽ പങ്കെടുത്തത്. 2019ൽ ക്യാപ്റ്റൻ ശിഖ സുരഭി ഇന്ത്യൻ ആർമിയുടെ ഡെയർഡെവിൽസ് ടീമിന്റെ ഭാഗമായി ബൈക്ക് സ്റ്റൻഡിൽ പങ്കെടുത്തു. 2020ൽ ക്യാപ്റ്റൻ ടാനിയ ഷേർഗിൽ കരസേനയുടെ സിഗ്നൽ കോർ എന്ന പുരുഷ സംഘത്തെ നയിച്ചു. 2021ൽ ഫ്ളൈറ്റ് ലഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി.