മലപ്പുറം: മലപ്പുറം കാളികാവിൽ 15കാട്ടുപന്നികളെ വെടിവച്ച് കൊന്നു. കർഷകർക്കും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ കൊന്നത് കർഷക കൂട്ടായ്മ. കാളികാവ്, ചോക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് പന്നികളെ വെടിവച്ച് കൊന്നത്. ചോക്കാട് പഞ്ചായത്തിലെ മരുതങ്ങാട്, കുറുഞ്ഞിയമ്പലം എന്നിവിടങ്ങളിൽനിന്നു മാണ് കൃഷിയിടങ്ങളിൽ താവളമാക്കിയ പന്നികളെ വെടിവെച്ചിട്ടത്.

കാളികാവ് ഗ്രാമപഞ്ചായത്ത് മങ്കുണ്ട്, വടക്കേപറമ്പ്, പള്ളിക്കുന്ന്, വെള്ളയൂർ, പാറച്ചോല, പൂങ്ങോട് ചിറ്റയിൽ, കൂനിയാറ എന്നിവിടങ്ങളിൽ നിന്നുമാണ് പന്നികളെ വെടിവച്ചത്. ഒരിടവേളക്ക് ശേഷം കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് വനം അധികൃതരുടെ അനുമതിയോടെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കാട്ടുപന്നിവേട്ട ശക്തമാക്കിയത്.

കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും പന്നികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൊന്നൊടുക്കുന്ന പന്നികളെ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ഡിഎഫ്ഒയുടെ എം. പാനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് പന്നിവേട്ട നടത്തിയത്. പാലക്കാട് മലബാർ ആർമറി സ്ഥാപന ഉടമ പി.എസ് ദിലീപ് മേനോൻ, പാലക്കാട് റൈഫിൾ ക്ലബ്ബ് സെക്രട്ടറി, വി. നവീൻ, അലിബാപ്പു, എം.എം സക്കീർ, കർഷക പ്രവർത്തകൻ അർഷദ്ഖാൻ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.